ബാബ സിദ്ദിഖിയുടെ കൊലപാതകം: നിർണായക കണ്ടെത്തലുകൾ പുറത്ത്

ലോറൻസ് ബിഷ്‌ണോയി സംഘാംഗം എന്ന് കരുതുന്ന ശുഭം ലോങ്കർ അടക്കമുള്ള ചിലരുടെ പങ്കാളിത്തവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്
ബാബ സിദ്ദിഖിയുടെ കൊലപാതകം: നിർണായക കണ്ടെത്തലുകൾ പുറത്ത്
Published on

എൻസിപി അജിത് പവാർ വിഭാഗം നേതാവും മഹാരാഷ്ട്രാ മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ദിഖിയെ കൊല്ലാൻ പ്രതികൾ വൻ ആസൂത്രണം നടത്തിയെന്നും വലിയ തോതിൽ വെടിയുണ്ടകൾ വാങ്ങിക്കൂട്ടിയെന്നും റിപ്പോർട്ട്.

മരണം ഉറപ്പിക്കാൻ 65 വെടിയുണ്ടകൾ പ്രതികൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. സിദ്ദിഖിയെ കൊലപ്പെടുത്താൻ പക്ഷേ 6 വെടിയുണ്ടയേ ഉപയോഗിച്ചുള്ളൂ. 28 വെടിയുണ്ടകൾ പ്രതികളായ ഗുർമെയിൽ സിംഗിനെയും ധർമരാജ് കശ്യപിനെയും അറസ്റ്റ് ചെയ്തപ്പോൾ പിടികൂടിയിരുന്നു. ഒരു ഓസ്ട്രിയൻ നിർമിത പിസ്റ്റളും മറ്റൊരും നാടൻ പിസ്റ്റളുമാണ് കൊലയ്ക്കായി സംഘടിപ്പിച്ചത്.


കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കുറച്ചകലെ ഒരു ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു. അതിൽ നിന്ന് തുർക്കി നിർമിത 7.62 ബോർ പിസ്റ്റളും 30 തിരകളും കണ്ടെടുത്തു. ബാഗിൽ ആധാർ കാർഡുകളുമുണ്ടായിരുന്നു. ഇതിൽ രണ്ട് വ്യാജ ആധാർ കാർഡുകൾ കണ്ടെടുത്തു. ശിവകുമാർ ഗൗതം, സുമിത് കുമാർ എന്നീ പേരിലാണ് വ്യാജ ആധാർ കാർഡ് എടുത്തിരിക്കുന്നത്. രണ്ടിലും പക്ഷേ ഗൗതമിൻ്റെ ഫോട്ടോയായിരുന്നു.

ബൈക്കിലെത്തി കൊല്ലാനായിരുന്നു പ്രതികൾ ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ ഓട്ടോറിക്ഷയിൽ എത്തിയാണ് കൊല നടത്തിയത്. പ്രതികളുടെ കൂട്ടാളി ഹരീഷ്കുമാർ ബലക്രം ബൈക്ക് വാങ്ങുന്നതിനായി 60,000 രൂപയാണ് പ്രതികൾക്ക് നൽകിയിരുന്നു. അതിൽ 32,000 രൂപയ്ക്ക് പ്രതികൾ സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങി.

യൂട്യൂബ് വീഡിയോ നോക്കി തോക്ക് ഉപയോഗിക്കാൻ പഠിച്ചുവെന്നും, കൃത്യം ആസൂത്രണം ചെയ്യാനായി കുർളയിൽ ഒരു കെട്ടിടം വാടകയ്‍ക്കെടുക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രധാന ഷൂട്ടറായ ഗൗതമാണ് കശ്യപിനും സിംഗിനും തോക്കുപയോഗിക്കാനുള്ള പരിശീലനം നൽകിയത്. സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം വഴിയായിരുന്നു മൂവർ സംഘം ആശയവിനിമയം നടത്തിയതെന്നും കണ്ടെത്തി.

ലോറൻസ് ബിഷ്‌ണോയി സംഘാംഗം എന്ന് കരുതുന്ന ശുഭം ലോങ്കർ അടക്കമുള്ള ചിലരുടെ പങ്കാളിത്തവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശുഭം ലോങ്കറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ശുഭം നേപ്പാളിലേക്ക് കടന്നതായാണ് ലഭ്യമാകുന്ന വിവരം. ഒക്ടോബർ 9 ന് എഫ് ബി പോസ്റ്റിലൂടെ സിദ്ദിഖിയെ കൊല്ലുമെന്ന് ശുഭം ലോങ്കർ ഭീഷണി മുഴക്കിയിരുന്നു. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ഇയാളുടെ സഹോദരൻ പ്രവീൺ ലോങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com