ബ്ലാസ്റ്റേഴ്സിന് ഇന്ന് 'സൂപ്പർ ജയന്‍റ്' പരീക്ഷ; പരിക്കിന്‍റെ പിടിയിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊമ്പന്മാർ

ബ്ലാസ്റ്റേഴ്സിന് ഇന്ന് 'സൂപ്പർ ജയന്‍റ്' പരീക്ഷ; പരിക്കിന്‍റെ പിടിയിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊമ്പന്മാർ

ലീഗിലെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ ജയം അനിവാര്യമാണ്
Published on

ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായക പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. പ്ലേ ഓഫ് ലക്ഷ്യം വച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. ഇന്ന് രാത്രി ഏഴരയ്ക്ക് ഹോം ​ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് എതിരാളികൾ.


ലീഗിലെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ ജയം അനിവാര്യമാണ്. എവേ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ തകർത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ നാളെ ഇറങ്ങുക. 2024 കലണ്ടർ വർഷം ആരംഭിച്ച ശേഷം മികച്ച ഫോമിലാണ് ടീം. ശേഷിക്കുന്ന മത്സരങ്ങളിൽ ജയിച്ച് കൊമ്പന്മാർ പ്ലേ ഓഫിലെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സീസണിൽ ഏഴ് ജയവും മൂന്നു തോൽവിയുമായി എട്ടാം സ്ഥാനത്താണ് കൊമ്പന്മാർ. ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനുമായ മത്സരം ബ്ലാസ്റ്റേഴ്സിന് കടുപ്പമാകും. കഴിയുന്നത്ര മത്സരങ്ങൾ ജയിച്ച് പ്ലേഓഫിലേക്ക് മുന്നേറാനാണ് ലക്ഷ്യമിടുന്നതെന്ന് നായകൻ അഡ്രിയാൻ ലൂണ പറഞ്ഞു. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കി. മത്സരത്തിന് ടീം സജ്ജമാണെന്നും ലൂണ അറിയിച്ചു. ടീമെന്ന നിലയിൽ മികച്ച പ്രകടനം നടത്തുമെന്നും ജയത്തിൽ കുറഞ്ഞതൊന്നും മത്സരത്തിൽ ലക്ഷ്യമിടുന്നില്ലെന്നും താൽക്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമനും പറഞ്ഞു. മോഹൻബഗാനെ കീഴടക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

ടീമിൽ അടിമുടി മാറ്റവുമായാണ് കൊമ്പന്മാർ കളത്തിലിറങ്ങുക. പരിക്കേറ്റ മൊറോക്കന്‍ മുന്നേറ്റതാരം നോഹ സദൗയി ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാകും. സീസണിൽ ഫോം വീണ്ടെടുത്ത സച്ചിൻ സുരേഷ് തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾവല കാക്കും. ഗോളടി വീരനായ സ്പാനിഷ് താരം ജെസൂസ് ഹിമെനസിലാണ് കൊമ്പൻമാരുടെ പ്രതീക്ഷ. സീസണിൽ ഇതുവരെ 11 ഗോളുകളാണ് ഹിമെനസ് മഞ്ഞ കുപ്പായത്തിൽ അടിച്ചുകൂട്ടിയത്. ഹിമെനസിനൊപ്പം ക്വാമെ പെപ്ര മുന്നേറ്റ നിരയ്ക്ക് കരുത്തേകും. അതേസമയം അപരാജിത കുതിപ്പ് തുടരാനാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്.

News Malayalam 24x7
newsmalayalam.com