
ബാബ സിദ്ദിഖി വധക്കേസിലെ ഒമ്പത് പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ 26 വരെയാണ് കസ്റ്റഡി കാലാവധി കോടതി നീട്ടിയത്. ഒമ്പത് പേരുടേയും പ്രാഥമിക റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടർന്നാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വി. ആർ. പാട്ടീലിന് മുന്നിൽ ഹാജരാക്കിയത്. നേരത്തെ ഒമ്പത് പ്രതികളെയും ഒക്ടോബർ 25 വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടണമെന്നായിരുന്നു പോലീസ് ഇന്ന് കോടതിയെ അറിയിച്ചത്. തുടർന്ന് ഒരു ദിവസം കൂടി കൂട്ടി ശനിയാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്.
ഗുർമൈൽ ബൽജിത് സിംഗ് (23), ധർമരാജ് കശ്യപ് (21), ഹരീഷ് കുമാർ നിസാദ് (26), പ്രവീൺ ലോങ്കർ (30), നിതിൻ ഗൗതം സാപ്രെ (32), സംഭാജി കിസാൻ പർധി (44), പ്രദീപ് ദത്തു തോംബ്രെ (37), ചേതൻ ദിലീപ് പർധി, റാം ഫുൽചന്ദ് കനൂജിയയും (43) എന്നിവരാണ് ബാബ സിദ്ദിഖി വധക്കേസിലെ പിടിയിലായ ഒമ്പത് പ്രതികൾ. അതേസമയം പ്രധാന പ്രതി ശിവകുമാർ ഗൗതം, ശുഭം ലോങ്കർ, മുഹമ്മദ് സീഷൻ അക്തർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. മൂന്നുപേർക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒക്ടോബർ 12നാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാർ പക്ഷം നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മുംബൈ ബാന്ദ്രയിലെ നിർമൽ നഗറിലുള്ള സീഷന്‍റെ ഓഫീസിന്‍റെ മുന്നില്‍വെച്ച് അക്രമി സംഘം ബാബയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കുപ്രസിദ്ധനായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ബാബയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് ബിഷ്ണോയ് ഗ്യാങ്ങിലെ ഒന്‍പതു പേരെ അറസ്റ്റ് ചെയ്തത്.