
ഇനി പ്രേക്ഷകർക്ക് ക്യൂട്ട്‌നെസ്സ് അലർട്ട് കൊടുക്കേണ്ട ഒരു റിപ്പോർട്ടിലേക്കാണ്. കാലിഫോർണിയന്‍ തീരത്ത് അമ്മയോടൊപ്പം ഒഴുകി നടക്കുന്ന ഒരു നീർനായ കുഞ്ഞനാണ് ഇപ്പോള്‍ മോറോ ഹാർബറിലെ കൌതുകകാഴ്ച. കാലിഫോർണിയയിലെ മോറോ ബേയ് ഹാർബറിലാണ് ചൊവ്വാഴ്ച ഇരുവരും തലപൊക്കിയത്.
കുഞ്ഞുമായി വെള്ളത്തിലൂടെ ഒഴുകുന്ന അമ്മ നീർനായ. വികൃതികുട്ടിയായ കുഞ്ഞന്‍ വെള്ളത്തില്‍ നീന്തല്‍ പരിശീലനത്തിന് മുതിരുന്നുണ്ടെങ്കിലും ഓരോ നീക്കവും അമ്മയുടെ കർശനനിരീക്ഷണത്തിലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ആള്‍ വെള്ളത്തിനൊപ്പം ഒഴുകി പോകും. അതുകൊണ്ട് കളി അധികമാകുമ്പോള്‍ പതിയെ എടുത്ത് അമ്മ നെഞ്ചിലേക്ക് കിടത്തും.
സമുദ്രജീവിയാണെങ്കിലും നീന്തല്‍ പഠിക്കാന്‍ മൂന്ന് മുതല്‍ നാലുമാസം വരെ സമയം വേണം നീർനായ കുഞ്ഞുങ്ങള്‍ക്ക്. അത്രയും കാലം അമ്മയുടെ നെഞ്ചിലാണ് അവർ കൂടുതലും കഴിയുക. അധികനേരം വെള്ളത്തിലൊഴുകിയാല്‍ കുഞ്ഞന്‍ നീർനായകള്‍ തണുത്തുവിറയ്ക്കും. അതൊഴിവാക്കാന്‍ കൂടിയാണ് അമ്മമാർ അവരെ ചൂടുകൊടുത്ത് സംരക്ഷിക്കുന്നത്.
സന്ദർശകർ ഒരകലത്തില്‍ നിന്ന് ഈ ക്യൂട്ട്നെസ് നിരീക്ഷിച്ചാല്‍ മതിയെന്ന് കർശന നിർദേശമുണ്ട്. മനുഷ്യസാന്നിധ്യം അപകടമായി കാണുന്നതുകൊണ്ട് തന്നെ ഒരുപാട് അടുത്ത് ആളുകളെ കണ്ടാല്‍ അമ്മ നീർനായ കുഞ്ഞിനെയും കൊണ്ട് കടന്നുകളയും. കാലിഫോർണിയയിലെ നീർനായകളുടെ പ്രധാന ആവാസവ്യവസ്ഥകളിലൊന്നാണ് മോറോ തീരം. നിർനായകള്‍ക്ക് പ്രത്യേകമായി പ്രജനനകാലമൊന്നുമില്ലെങ്കിലും ഒക്ടോബർ - ജനുവരി കാലയളവിലാണ് കുഞ്ഞു നീർനായകള്‍ കൂടുതലും തീരത്ത് അടുക്കാറുള്ളത്.