ആർജി കർ വിധി: ബംഗാൾ സ്ത്രീസുരക്ഷയിൽ പുറകോട്ടെന്ന് ഗവർണർ; സിബിഐയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി, നിരാശാജനകമെന്ന് ബൃന്ദ കാരാട്ട്

പ്രതിക്ക് വധശിക്ഷ നൽകാത്തതിൽ സിബിഐ മറുപടി പറയണമെന്ന് മമത ബാനർജിയും ആവശ്യപ്പെട്ടു
ആർജി കർ വിധി: ബംഗാൾ സ്ത്രീസുരക്ഷയിൽ പുറകോട്ടെന്ന് ഗവർണർ; സിബിഐയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി, നിരാശാജനകമെന്ന് ബൃന്ദ കാരാട്ട്
Published on

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയുടെ വിധിക്ക് പിന്നാലെ സർക്കാരിനെതിരെ ബംഗാൾ ഗവർണറുടെ വിമർശനം. സ്ത്രീസുരക്ഷയിൽ ബംഗാൾ സർക്കാർ പിന്നോട്ടാണെന്ന് തനിക്ക് ബോധ്യപ്പെട്ടതാണെന്ന് ഗവർണർ ആനന്ദബോസ് പറഞ്ഞു.

സിബിഐയെ കുറ്റപ്പെടുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തി. പ്രതിക്ക് വധശിക്ഷ നൽകാത്തതിൽ സിബിഐ മറുപടി പറയണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. കേസിൻ്റെ വിധിയിൽ സംതൃപ്തയല്ലെന്നും, കേസ് കൊൽക്കത്ത പൊലീസിൽ നിന്ന് മനഃപൂർവം മാറ്റിയതാണെന്നും മമത ബാനർജി ആരോപിച്ചു. 

ആർജി കർ വിധി നിരാശാജനകമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും പ്രതികരിച്ചു. കേരളത്തിലെയും ബംഗാളിലെയും വിധികൾ തമ്മിലുള്ള വൈരുദ്ധ്യം ബൃന്ദ കാരാട്ട് ചൂണ്ടികാട്ടി. കേരളത്തിൽ വനിതയ്ക്ക് നൽകിയത് വധശിക്ഷയാണ്. ബംഗാളിൽ ബലാൽസംഗക്കൊല നടത്തിയ പ്രതിക്ക് ജീവപര്യന്തമാണ് വിധിച്ചത്. അപൂർവത്തിൽ അപൂർവമെന്നതിൻ്റെ മാനദണ്‌ഡം എന്തെന്ന് വ്യക്തമാകുന്നില്ല. സിബിഐയുടെ കേസന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ പ്രതി സഞ്ജയ് റോയെ (31) മരണം വരെ തടവിന് ശിക്ഷിച്ചു. 50,000 രൂപ പിഴയും വിധിച്ചു. സിയാല്‍ദാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസാണ് വിധി പ്രസ്താവിച്ചത്. അതേസമയം പ്രതിക്ക് മാനസാന്തരത്തനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമല്ല. ഇരയുടെ കുടുംബത്തിന് 17 ലക്ഷം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്ന് ഇരയുടെ കുടുംബം അറിയിച്ചു.

ഒക്ടോബർ ഏഴിനാണ് പ്രതി സഞ്ജയ് റോയ്‌ക്കെതിരെയുള്ള കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ആരംഭിച്ച് 59 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. നവംബർ 12ന് ആരംഭിച്ച രഹസ്യ വിചാരണയില്‍ ജനുവരി 9നാണ് വാദം കേൾക്കൽ അവസാനിച്ചത്. 128 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ജനുവരി 18ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com