
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ താമസിച്ച് സൈബർ തട്ടിപ്പിന് നേതൃത്വം നൽകുന്ന മലയാളികൾക്കായി അന്വേഷണം ആരംഭിച്ചു. 25 ഓളം പേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊല്ലം റൂറൽ പരിധിയിൽ നിന്ന് മാത്രം 13,50,00,000 രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. ഇതുവരെ രജിസ്റ്റർ ചെയ്ത 59 കേസുകളിലും അന്വേ ഷണം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ എം സാബുമാത്യു പറഞ്ഞു.
കൊറിയറിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്നും കേസ് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ട് ലക്ഷങ്ങളാണ് സംഘങ്ങൾ സാധാരണക്കാരിൽ നിന്നും തട്ടിയെടുക്കുന്നത്. സൈബർ പൊലീസിൽ പരാതികൾ കൂടിയതോടെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. സോഷ്യൽ മീഡിയ വഴിയും, ലോൺ ആപ്പുകൾ വഴിയും വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്താണ് തട്ടിപ്പ്. കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന തരത്തിലുള്ള ചിത്രങ്ങൾ കാട്ടി രജിസ്ട്രേഷൻ തുക ആവശ്യപ്പെട്ടും തട്ടിപ്പ് നടത്താറുണ്ട്.
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇത്തരം ഫോൺ കോളുകളിലേറെയും എത്തുന്നത്. കൊല്ലം റൂറൽ പരിധിയിൽ നിന്നും പണം നഷ്ടമായ പരാതിക്കാർക്ക് മൂന്നര ലക്ഷം രൂപയോളം തിരികെ വാങ്ങി നൽകുവാൻ സാധിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു. 117 അക്കൗണ്ടുകളിൽ നിന്നായി അൻപത്തി നാലര ലക്ഷം രൂപ തിരികെ നൽകുവാനുള്ള ശ്രമത്തിലാണ് സൈബർ പൊലീസ്.