
കസ്റ്റമര്‍ കെയറില്‍ നിന്നാണ്, പൊലീസ് ആണ്, ബാങ്കില്‍ നിന്നാണ് എന്നൊക്കെ പറഞ്ഞു വിളിക്കുന്ന ഫോണ്‍കോള്‍ വ്യാജമാണോയെന്ന് നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സംവിധാനം വരുകയാണ്.
സൈബര്‍ സെല്ലാണ് വ്യാജന്‍മാരെ തിരിച്ചറിയാന്‍ പുതിയ സംവിധാനവുമായി എത്തുന്നത്. സൈബര്‍ വാള്‍ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ഫോണ്‍ നമ്പറുകള്‍ മാത്രമല്ല സാമൂഹ്യമാധ്യമ പ്രൊഫൈലുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവ വ്യാജമാണോയെന്നും സൈബര്‍ വാള്‍ വഴി തിരിച്ചറിയാം.
പദ്ധതി ഒരു കൊല്ലത്തിനകം പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേരള സൈബര്‍ വിഭാഗം അറിയിച്ചു. നിര്‍മിത ബുദ്ധി സാങ്കേതികതയില്‍ അധിഷ്ഠിതമായ 'സൈബര്‍ വാള്‍' എന്ന പദ്ധതി പൊലീസ് സൈബര്‍ ഡിവിഷന്റെ കീഴിലാകും ആരംഭിക്കുക. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ വഴിയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. കോഴിക്കോട് സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടെന്‍ഡര്‍ നടപടികളില്‍ മൂന്ന് സ്റ്റാര്‍ട്ടപ്പുകളാണ് ഈ പദ്ധതിയുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഒരു കൊല്ലത്തിനുള്ളില്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. സൈബര്‍ വാള്‍ സംവിധാനം പൊലീസിന്റെ ജനകീയ ആപ്പ് ആയ 'പോല്‍- ആപ്പു'മായി സംയോജിപ്പിച്ചാകും പ്രവര്‍ത്തനം.