ദാന ചുഴലിക്കാറ്റ് തീരം തൊട്ടു; ഒഡിഷയിലെ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് എക്സ് പോസ്റ്റിലൂടെ പറഞ്ഞു
ദാന ചുഴലിക്കാറ്റ് തീരം തൊട്ടു; ഒഡിഷയിലെ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്
Published on


അതിതീവ്ര ചുഴലിക്കാറ്റായി ദാന കരതൊട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ തീരദേശ ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. ഭദ്രക്, കേന്ദ്രപദ, ബാലസോർ എന്നിവിടങ്ങളിൽ ഉയർന്ന വേലിയേറ്റം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് മിന്നൽ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞാണ് ദാന കരയിലേക്ക് നീങ്ങിയത്. ചുഴലിക്കാറ്റ് അടുത്ത 3 മുതൽ 4 മണിക്കൂറിനുള്ളിൽ 100കിലോമീറ്റർ ​​വേഗത്തിലുള്ള ശക്തമായ ചുഴലിക്കാറ്റായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. തുടർന്ന് ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങൾ കടക്കുകയും പുരി, സാഗർ ദ്വീപ് എന്നിവിടങ്ങളിൽ എത്തുകയും ചെയ്യും. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

ദാന ചുഴലിക്കാറ്റ് ഒക്ടോബർ 25 വെള്ളിയാഴ്ച രാവിലെ വരെ കരയിൽ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇത് ഒഡീഷയിലെ ജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിനെ തുടർന്നാണ്ടാകുന്ന കനത്ത മഴയിൽ ഒഡിഷയിലെ 16 ജില്ലകളിൽ മിന്നൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തിൽ ഏത് വെല്ലുവിളികളെയും നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജമാണെന്നും ആഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉറപ്പുനൽകി. “എല്ലാ സാഹചര്യവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഹിരാക്കുഡ് റിസർവോയർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജലനിരപ്പ് കൃത്യമായ നിരീക്ഷണത്തിലാണ്," സ്‌പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസിലെ കൺട്രോൾ റൂം സന്ദർശിച്ച മാജി പറഞ്ഞു. തീരപ്രദേശങ്ങളിലെ ഉയർന്ന അപകടസാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഏകദേശം 5.84 ലക്ഷം ആളുകളെ ഒഴിപ്പിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ബംഗാളിൽ വെള്ളിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഇതിന് മുന്നോടിയായി 3.5 ലക്ഷത്തിലധികം ആളുകളെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബംഗാളിൽ വ്യാഴാഴ്ചയോടെ 2,43,374 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്.

ഒഡിഷയും പശ്ചിമ ബംഗാളും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയിലെ 56 ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഒഡിഷയിൽ മാത്രം 20 ടീമുകളുണ്ട്. അതിലൊന്ന് റിസർവിലാണ്. പശ്ചിമ ബംഗാളിലെ 17 ടീമുകളിൽ 13 എണ്ണം റിസർവിലാണ്. അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും വെള്ളപ്പൊക്കവും നേരിടാൻ സാധ്യതയുള്ളതിനാൽ ആന്ധ്രാപ്രദേശിലും ജാർഖണ്ഡിലും ഒമ്പത് ടീമുകൾ വീതവും ഛത്തീസ്ഗഢിൽ ഒരെണ്ണം വീതവും വിന്യസിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com