
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫെൻജല്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. ഇന്ന് വൈകീട്ടോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും മധ്യേയായാണ് ചുഴലിക്കാറ്റ് കരതൊട്ടത്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ചെന്നൈയിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റ് കരതൊട്ടതോടെ വടക്കൻ തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെങ്കൽപേട്ട്, കാഞ്ചീപുരം, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, ധർമപുരി, തിരുവണ്ണാമലൈ, കല്ലുറിച്ചി, വില്ലുപുരം, കടലൂർ എന്നീ ജില്ലകൾക്ക് ജാഗ്രതാ മുന്നറിയിപ്പുണ്ട്. ചെന്നൈ നഗരം പൂർണമായും വെള്ളക്കെട്ടിലാണ്. ചെന്നൈ വിമാനത്താവളം നാളെ രാവിലെ നാല് മണി വരെ അടച്ചിട്ടും. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി. നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് തമിഴ്നാട് സർക്കാർ നൽകുന്ന മുന്നറിയിപ്പ്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ മെട്രോ റെയിൽ നിർമാണം സ്തംഭിച്ചിരിക്കുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ചെമ്പരമ്പാക്കം തടാകത്തിൽ ജലനിരപ്പുയർന്നു. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലായി മുന്നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും വിവിധ ജില്ലകളിൽ റെഡ് അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.
പുതുച്ചേരിയിലും കാഞ്ചീപുരത്തുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് പൂർണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാമേശ്വരം, വരുന്ദമാവാടി, പുതുപ്പള്ളി, വെദ്രപ്പ്, വനമാദേവി, വല്ലപ്പള്ളം, കള്ളിമേട്, ഈരവയൽ, ചെമ്പോടി തുടങ്ങിയ പ്രദേശങ്ങളിൽ വൻ നാശനഷ്ടമുണ്ടായി. 112, 1077 എന്നീ ടോൾ ഫ്രീ നമ്പറുകൾ ദുരന്തനിവാരണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. 9488981070 എന്ന നമ്പരിൽ ആളുകൾക്ക് വാട്സ് ആപ്പിലും ബന്ധപ്പെടാം. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം ചെന്നൈയിൽ വെള്ളം കെട്ടിനിന്ന എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പാരീസ് കോർണറിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പോകുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിയാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.