ജപ്പാനിൽ നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്; നാല് ദശലക്ഷം ആളുകളെ മാറ്റിപാർപ്പിച്ചു

ആംപിള്‍ ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടാഴ്ച തികയും മുൻപാണ് ഷാൻഷാൻ ചുഴലിക്കാറ്റ് ജപ്പാൻ തീരം തൊട്ടത്
ജപ്പാനിൽ നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്; നാല് ദശലക്ഷം ആളുകളെ മാറ്റിപാർപ്പിച്ചു
Published on



ജപ്പാനിൽ നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്. കാറ്റ് തീരം തൊട്ടതോടെ ഏകദേശം നാല് ദശലക്ഷം ആളുകളോട് മാറി താമസിക്കാൻ ഭരണകൂടം നിർദേശിച്ചു. കൊടുങ്കാറ്റിൽ ഇതുവരെ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. 2,30,000 വീടുകളെ ശക്തമായ മഴയും കാറ്റും ബാധിച്ചു. പ്രദേശത്തെ വിമാന ഗതാഗതം പൂർണമായും സ്തംഭിച്ചു. ആയിരക്കണക്കിന് നിവാസികൾക്ക് വൈദ്യുതിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മിയാസാക്കി സിറ്റി ഡൗൺ ടൗൺ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പ്രദേശത്തെ മരങ്ങളും, കാറുകളും കൊടുംങ്കാറ്റിൽ പറന്നുയർന്നു. ചില കെട്ടിടങ്ങളുടെ ജനാലകൾ തകർന്നിട്ടുണ്ട്. 40 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രിഫെക്ചറൽ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. രാജ്യത്തിൻ്റെ തെക്കേയറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജോയിൻ്റ് ടൈഫൂൺ വാണിംഗ് സെൻ്റർ (ജെടിഡബ്ല്യുസി) റിപ്പോർട്ട് പ്രകാരം കാറ്റഗറി-1 അറ്റ്ലാൻ്റിക് ചുഴലിക്കാറ്റിന് സമാനമായാണ് ഷാൻഷാൻ ചുഴലികാറ്റിൻ്റെയും സഞ്ചാരം. അതിനാൽ തന്നെ തീരം തൊട്ടതോടെ ചുഴലിക്കാറ്റ് ദുർബലമായി. പിന്നാലെയെത്തിയ മഴയാണ് ജപ്പാനിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ ജപ്പാനിൽ പെയ്ത മഴയുടെ നിരക്ക് ആഗസ്റ്റ് മാസത്തെ ശരാശരിയേക്കാൾ കൂടുതലായിരുന്നു. നദികളിൽ പലതും വെള്ളപ്പൊക്ക ഭീഷണിയായിരുന്നെന്നും അധികൃതർ അറിയിച്ചു.  രാജ്യമൊട്ടാകെ നിശ്ചലമായതോടെ ആഗോള വാഹന നിർമ്മാതാക്കളായ ടൊയോട്ട ഉൾപ്പെടെയുള്ളവർ ഫാക്ടറികളിൽ പ്രവർത്തനം നിർത്തിവെച്ചു. ആംപിള്‍ ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടാഴ്ച തികയും മുൻപാണ് ഷാൻഷാൻ ചുഴലിക്കാറ്റ് ജപ്പാൻ തീരം തൊട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com