യുപിയില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; ഏഴ് പേർക്കെതിരെ കേസ്

ദേവി ശങ്കറിനെ കൊലപ്പെടുത്തി എന്ന് സംശയിക്കുന്ന ഏഴ് പേരില്‍ ആറ് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്
യുപിയില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; ഏഴ് പേർക്കെതിരെ കേസ്
Published on
Updated on

ഉത്തർപ്രദേശിൽ ദളിത് കർഷകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീക്കൊളുത്തി. പ്രയാഗ്‌രാജ് ജില്ലയിലെ കർസാന തഹ്‌സിലിലെ ലോഹാഗ്പൂർ ഭല്ലയിലുള്ള തോട്ടത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദേവി ശങ്കർ (35) എന്ന കർഷകനെയാണ് കൊലപ്പെടുത്തിയത്. ശങ്കറിന്‍റെ പിതാവ് അശോക് കുമാറിന്‍റെ പരാതിയില്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയില്‍ ഏഴ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.



ദേവി ശങ്കറിനെ കൊലപ്പെടുത്തി എന്ന് സംശയിക്കുന്ന ഏഴ് പേരില്‍ ആറ് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവരെല്ലാംതന്നെ ഉയർന്ന ജാതിബോധം വെച്ച് പുലർത്തുന്നവരാണ്. കേസില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആറ് പേരെ ചൊദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിലീപ് സിംഗ്, മനോജ് സിംഗ്, ശേഖർ സിംഗ്, മോഹിത്, അജയ് സിംഗ്, വിനയ് സിംഗ്, സോനു സിംഗ്, പിന്നെ ഒരു അജ്ഞാതനുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പരാതി. അജയ്, വിനയ്, സോനു എന്നിവർ സഹോദരങ്ങളാണ്.

ശനിയാഴ്ച രാത്രി പ്രതികളില്‍ ഒരാളായ ദിലീപ് സിംഗിന്‍റെ (28) ഒപ്പമാണ് ശങ്കറിനെ അവസാനമായി ജീവനോടെ കണ്ടതെന്നാണ് പൊലീസ് പറയുന്നത്. ശങ്കറിന്‍റെ വീട്ടിലെത്തിയ ദിലീപ് ഇയാളെ തോട്ടത്തിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ സഹായത്തിനായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഞായറാഴ്ച രാവിലെ ദേവി ശങ്കറിന്‍റെ പാതി കത്തിയ നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഒരു സ്ത്രീയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തോട്ടത്തിലെ പണിതീർത്ത ശേഷം, ദേവി ശങ്കറും ദിലീപ് സിംഗും അല്‍പ്പം മാറി ഒരിടത്ത് ഇരുന്ന് മദ്യപിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവർ കുടിച്ച മദ്യത്തിന്‍റെ കുപ്പി പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യപാനത്തിനിടെയാണ് ആ പ്രദേശത്ത് തന്നെയുള്ള ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ഇരുവർക്കുമിടയില്‍ തർക്കമുണ്ടാകുന്നത്. തർക്കം കൈയ്യാങ്കളിയിലേക്ക് കടന്നു. ഇതിനിടയില്‍ ദേവി ശങ്കിറിന്‍റെ തലയില്‍ ഇഷ്ടിക വെച്ച് ഇടിച്ചുവെന്നും പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്‍റെ നിഗമനം. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നത്. മരണ ശേഷമാണ് ശങ്കറിന്‍റെ ശരീരത്തില്‍ തീകൊളുത്തിയതെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com