
മുല്ലപ്പെരിയർ ഡാം തർക്ക വിഷയത്തിൽ "തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ" എന്നതാണ് നിലപാടെന്ന് മുല്ലപ്പെരിയാർ സംയുക്ത സമര സമിതി. മുല്ലപ്പെരിയാർ വിഷയം ഉയർത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും ജീവനും സ്വത്തും സംരക്ഷിക്കാൻ ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് മുല്ലപെരിയാർ ഡാമിൻ്റെ സുരക്ഷിതത്വം സംബന്ധിച്ച് നവ മാധ്യമങ്ങളിൽ അടക്കം ചർച്ച ഉയർന്നത്. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ ഉടൻ ചർച്ച നടത്തി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് മുല്ലപ്പെരിയാർ സംയുക്ത സമര സമിതിയുടെ ആവശ്യം. കേരളത്തിലെ കാലാവസ്ഥ വ്യതിയാനമാണ് വിഷയത്തെ വീണ്ടും ചർച്ചയിലേക്ക് എത്തിക്കുന്നതെന്ന് നേതാക്കൾ പറയുന്നു. രാഷ്ട്രീയ ലാഭം ഉണ്ടാക്കാതെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സമര സമിതി ഭാരവാഹികൾ പറഞ്ഞു.
മഴക്കാലം എത്തുമ്പോൾ മാത്രം മുല്ലപ്പെരിയാർ ഡാം വിഷയം, ഒരു സീസൺ ചർച്ച ആകുന്നുവെന്ന പരാതിയും നേതാക്കൾ ഉന്നയിക്കുന്നു. 2014 ലാണ് ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സുപ്രീം കോടതി അനുമതി നൽകിയത് . 136 അടിയിൽ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ ഉയർത്തണമെന്നും നിർദേശമുണ്ട്. എന്നാൽ ജലനിരപ്പ് 152 അടിയാക്കണമെന്നാണ് തമിഴ് നാടിൻ്റെ വാദം. പുതിയ ഡാം പ്രയോഗികമല്ലെന്നും തമിഴ്നാട് വാദിക്കുന്നു.
മുല്ലപ്പെരിയാറിൽ പുതിയ ഡാമിനായി 1400 കോടി രൂപയുടെ കരട് രൂപരേഖയാണ് കേരള സർക്കാർ സമർപ്പിച്ചിരിക്കുന്നത്. പുതിയ ഡാമെന്ന കേരളത്തിൻ്റെ നിർദേശത്തോട് തമിഴ്നാട് കർഷക സംഘടനാ നേതാക്കൾ ഉൾപ്പെടെ എതിർപ്പുമായി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഡാമിനോട് ചേർന്നുള്ള ജനവസമേഖലയായ വണ്ടിപ്പെരിയാർ, വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ തുടങ്ങിയ മേഖലയിലെ ജനങ്ങൾ ഇന്നും ഡാമിൻ്റെ സുരക്ഷയെ ആശങ്കയോടെയാണ് കാണുന്നത്. പ്രശ്ന പരിഹാരം ഉടൻ വേണമെന്നും ജനങ്ങൾ ആവർത്തിക്കുന്നു.
പുതിയ ഡാമെന്ന ആവശ്യം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പിമാർ ലോക്സഭയിൽ ഉന്നയിച്ചതിനു പിന്നാലെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയുന്നു. വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ഉപ്പുതറയിൽ സംയുക്ത സമര സമിതി കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. അടുത്ത ദിവസം വിപുലമായ പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം.