പാലക്കാട്ടെ വേടൻ്റെ പരിപാടിയില്‍ 1.75 ലക്ഷത്തിന്‍റെ നാശനഷ്ടം; പൊലീസില്‍ പരാതി നല്‍കി നഗരസഭ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായാണ് പാലക്കാട് കോട്ടമൈതാനത്ത് വേടന്റെ റാപ്പ് ഷോ സംഘടിപ്പിച്ചത്
പാലക്കാട്ടെ വേടൻ്റെ പരിപാടിയില്‍ 1.75 ലക്ഷത്തിന്‍റെ നാശനഷ്ടം; പൊലീസില്‍ പരാതി നല്‍കി നഗരസഭ
Published on

പാലക്കാട്ടെ വേടൻ്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപയുടെ നഷ്ടമുണ്ടായതായി നഗരസഭ സെക്രട്ടറി. പണം നൽകണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് ന​ഗരസഭ നോട്ടീസ് അയച്ചു. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും നശിപ്പിച്ചതായാണ് നോട്ടീസിൽ പറയുന്നത്. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസിൽ പരാതിയും നൽകി.


സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായാണ് പാലക്കാട് കോട്ടമൈതാനത്ത് വേടന്റെ റാപ്പ് ഷോ സംഘടിപ്പിച്ചത്. പരിപാടിയിൽ കൂടുതൽ ആളുകൾ പങ്കെടുത്തതു മൂലം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ബെഞ്ച്, വേസ്റ്റ് ബിൻ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ന​ഗരസഭയുടെ നോട്ടീസിൽ പറയുന്നത്. ഈ വിഷയത്തിൽ എഫ്ഐആർ ഇട്ട് തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ന​ഗരസഭ പരാതിയും നൽകിയിട്ടുണ്ട്.


മെയ് 18ന് ആറ് മണിക്കാണ് വേടന്‍റെ പരിപാടി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ, 7000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കോട്ടമൈതാനം അഞ്ച് മണിക്ക് തന്നെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പരിപാടിയിലേക്ക് സൗജന്യ പ്രവേശനമായിരുന്നു. തുടർന്ന് പ്രധാന കവാടം അടച്ച് സംഘാടകർ പ്രവേശനം അവസാനിപ്പിച്ചെങ്കിലും യുവാക്കൾ അടങ്ങുന്ന ആരാധകർ വീണ്ടും എത്തിച്ചേരാൻ തുടങ്ങി. ഇതാണ് തിക്കിനും തിരക്കിനും കാരണമായത്. മരത്തിന് മുകളിൽ കയറി ഇരുന്നും മറ്റുമാണ് പലരും പരിപാടി കണ്ടത്.



ബാരിക്കേഡുകൾ ഉൾപ്പെടെ തകർത്ത് കാണികള്‍ വേദിക്ക് സമീപത്തേക്ക് എത്തിയതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമല്ലാതായത്. "പാട്ട് പാടാൻ അനുവദിക്കണം" എന്ന് അഭ്യർഥിച്ച് വേടൻ പലതവണ പരിപാടി നിർത്തിവെച്ചിരുന്നു. ഇതിനിടെ പൊലീസ് ലാത്തിവീശി. പൊലീസിന്റെ ലാത്തി വാങ്ങി ചില സംഘാടകരും മർദിച്ചിരുന്നതായി ആരോപണമുണ്ട്. തിക്കിലും തിരക്കിലും പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികൾ ഉൾപ്പെടെ 15ഓളം പേരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com