'ഡാന്‍സ് ചെയ്യൂ, ഇല്ലെങ്കില്‍ ഞാന്‍ സസ്പെന്‍ഡ് ചെയ്യും'; ഹോളി ആഘോഷത്തിനിടെ പൊലീസുകാരനോട് ആര്‍ജെഡി നേതാവ്

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ആര്‍ജെഡിക്കെതിരെ ജെഡിയു രംഗത്തെത്തി.
'ഡാന്‍സ് ചെയ്യൂ, ഇല്ലെങ്കില്‍ ഞാന്‍ സസ്പെന്‍ഡ് ചെയ്യും'; ഹോളി ആഘോഷത്തിനിടെ പൊലീസുകാരനോട് ആര്‍ജെഡി നേതാവ്
Published on


ഹോളി ആഘോഷത്തിനിടെ പൊലീസുകാരനോട് നൃത്തം ചെയ്യാന്‍ നിര്‍ദേശിച്ച് ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കില്‍ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നായിരുന്നു തേജ് പ്രതാപിന്റെ വാക്കുകള്‍. ശനിയാഴ്ച പട്നയിലെ വീട്ടില്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ ഹോളി ആഘോഷത്തിനിടെയാണ് സംഭവം.

"ഹേയ് കോണ്‍സ്റ്റബിള്‍... ദീപക്... ഞാനൊരു പാട്ടുവയ്ക്കാം, അതിന് നിങ്ങള്‍ നൃത്തം ചെയ്യണം... മറ്റൊന്നും കാര്യമാക്കേണ്ട ഇത് ഹോളിയാണ്. നിങ്ങള്‍ നൃത്തം ചെയ്യുന്നില്ലെങ്കില്‍, നിങ്ങളെ സസ്പെന്‍ഡ് ചെയ്യും" - എന്നാണ് തേജ് പ്രതാപ് പൊലീസുകാരനോട് പറയുന്നത്. പിന്നാലെ, യൂണിഫോമിലുള്ള പൊലീസുകാരന്‍ നൃത്തം തുടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ആര്‍ജെഡിക്കെതിരെ ജെഡിയു രംഗത്തെത്തി. നിയമം ലംഘിക്കുക, ഭരണഘടനാ പദവികളിലുള്ളവരെ കളിയാക്കുക, ഭരണഘടനയെ ആവര്‍ത്തിച്ച് അപമാനിക്കുക, ആളുകളുടെ മനോവീര്യം തകര്‍ക്കുക എന്നിവയാണ് ആര്‍ജെഡിയുടെ സംസ്‌കാരമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ വിമര്‍ശിച്ചു. ആർജെഡിയിൽ ഉള്ളവരുടെ പ്രത്യയശാസ്ത്രവും മൂല്യങ്ങളും ഒരിക്കലും മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസ്ത്രങ്ങളില്‍ നിറങ്ങള്‍ തേച്ചും, പരമ്പരാഗത ഫാഗ്വ ഗാനങ്ങള്‍ ആലപിച്ചുംകൊണ്ടായിരുന്നു തേജ് പ്രതാപ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഹോളി ആഘോഷിച്ചത്. നൃത്തം ചെയ്യുന്നതിനൊപ്പം പാര്‍ട്ടി അംഗങ്ങള്‍ ആര്‍ജെഡിക്കായി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിക്ക് പുറത്തായി തേജ് പ്രതാപ് സ്കൂട്ടി യാത്രയും നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com