എം.എം. ലോറൻസിൻ്റെ നിര്യാണം; മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത് ചോദ്യം ചെയ്ത് മകൾ ഹൈക്കോടതിയിൽ

മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്ന് ഹർജിയിൽ പറയുന്നു
എം.എം. ലോറൻസിൻ്റെ നിര്യാണം; മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത് ചോദ്യം ചെയ്ത് മകൾ ഹൈക്കോടതിയിൽ
Published on


അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ ഭൗതിക ശരീരം മെഡിക്കൽ കോളജിന് കൈമാറുന്നതിൽ എതിർപ്പുമായി ലോറൻസിൻ്റെ മകൾ ആശ ഹൈക്കോടതിയിൽ. പിതാവിന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെയാണ് ഹർജി സമർപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി, സഹോദരങ്ങൾ, സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

കത്രിക്കടവ് പള്ളിയിൽ ലോറൻസിന്റെ സംസ്കാരം നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നും മകൾ ആശ ഹർജിയിൽ പറഞ്ഞു. ഹർജി കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

അതേസമയം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ പി. രാജീവ്‌, മുഹമ്മദ് റിയാസ്, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബേബി, തോമസ് ഐസക്, മേഴ്‌സിക്കുട്ടിയമ്മ എന്നിവർ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് അന്തിമോപചാരം അർപ്പിച്ചു.

'അടിമുടി കമ്മ്യൂണിസ്റ്റ്' എന്ന വിശേഷണം തൊണ്ണൂറ്റിയഞ്ചാം വയസ്സിലും നിലനിർത്തിയായിരുന്നു എം.എം. ലോറൻസിൻ്റെ വിടവാങ്ങൽ. ശനിയാഴ്ച കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. മുന്‍ എംപിയും, സിഐടിയു അഖിലേന്ത്യാ നേതാവുമായിരുന്നു. എല്‍എഡിഎഫ് കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് എം.എം. ലോറന്‍സ്.

1946ല്‍ പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. തോട്ടി തൊഴിലാളികള്‍ക്കായി ആദ്യമായി സംഘടന രൂപീകരിച്ചത് എം.എം. ലോറന്‍സാണ്. ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണം സായുധ വിപ്ലവമാര്‍ഗം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച ഘട്ടത്തില്‍ 22 മാസം ജയിലില്‍ കിടന്ന ലോറന്‍സ് പൊലീസിന്റെ എല്ലാ ക്രൂര മര്‍ദനങ്ങള്‍ക്കും ഇരയായി. 1964ല്‍ സിപിഐഎം രൂപീകരിക്കുമ്പോള്‍ മുതല്‍ 34 വര്‍ഷം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1967 മുതല്‍ 1978 വരെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com