
അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് എയിംസ് ആശുപത്രിയില്‍ നിന്ന് വസന്ത്കുഞ്ചിലെ വസതിയിലേക്ക് കൊണ്ട് പോകും. വൈകിട്ട് 6 മണി മുതല്‍ വീട്ടില്‍ ബന്ധുകളും അടുത്ത സുഹൃത്തുക്കളും അന്തിമോപചാരം അര്‍പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയേക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അടക്കമുള്ളവരും വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
നാളെ രാവിലെ 11 മണി മുതല്‍ 3 മണി വരെ ഡല്‍ഹി എകെജി ഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. തുടര്‍ന്ന് ഭൗതികശരീരം ഡല്‍ഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് പഠനത്തിനായി കൈമാറും.
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 20 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യെച്ചൂരി. ഡല്‍ഹി എയിംസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാള്‍ സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തികൂടിയാണ് സീതാറാം യെച്ചൂരി. 9 വര്‍ഷമാണ് തുടര്‍ച്ചയായി യെച്ചൂരി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത്.