ലാത്വിയയിൽ തടാകത്തിൽ വീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആനച്ചാൽ സ്വദേശിയായ ആൽബിൻ ഷിൻ്റോ അപകടത്തിൽ പെട്ടത്
ലാത്വിയയിൽ തടാകത്തിൽ വീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Published on
Updated on

യൂറോപ്പിലെ ലാത്വിയയിൽ താടാകത്തിൽ വീണ് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചതായി റിപ്പോർട്ട്. ആനച്ചാൽ സ്വദേശികളായ അറക്കൽ ഷിൻ്റോ - റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിൻ്റോയാണ് മരിച്ചത്.  ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ മൃതദേഹം ലഭിച്ച വിവരം ആൽബിൻ്റെ സുഹൃത്തുക്കൾ കുടുംബത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം താടാകത്തിൽ കുളിക്കാൻ ഇറങ്ങിയ ആൽബിൻ അപകടത്തിൽപ്പെട്ടത്.

ആൽബിനും സുഹൃത്തുക്കളും വ്യാഴാഴ്ച നാലോടെ റിഗയിലെ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ആൽബിൻ മുങ്ങി പോവുകയായിരുന്നെന്ന് കൂടെ ഉണ്ടായിരുന്നവർ പറയുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ വിവരം കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ എത്തി തെരച്ചിൽ നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായിരുന്നില്ല.

എട്ടു മാസം മുൻപാണ് ഇടുക്കി ആനച്ചാൽ സ്വദേശി ആൽബിൻ ഷിൻ്റോ മാരിടൈം കോഴ്സ് പഠിക്കാൻ വടക്കൻ യൂറോപ്പിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെത്തിയത്. നോവികൊണ്ടാസ് മാരിടൈം കോളേജിലെ വിദ്യാർഥിയാണ് ആൽബിൻ.

News Malayalam 24x7
newsmalayalam.com