
റഷ്യയിൽ കൂലിപ്പട്ടാളത്തില്‍ ചേർന്ന സന്ദീപ് ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായി. മൃതദേഹം ഞായറാഴ്ച പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ കുടുംബത്തെ അറിയിച്ചു.
ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമായത്. റഷ്യയിലെ റോസ്റ്റോവിലെ സൈനിക ആശുപത്രിയിലെ മോർച്ചറിയിലാണ് നിലവിൽ സന്ദീപിന്‍റെ മൃതദേഹം.
Also Read: നേരിട്ടത് തൊഴിൽ തട്ടിപ്പുകളുടെ ക്രൂരമായ മുഖം, റിക്രൂട്ട് ചെയ്തതിൽ മലയാളി ഏജൻ്റുമാരും; റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും മടങ്ങിയെത്തിയ റെനിൽ ന്യൂസ് മലയാളത്തോട്
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ തൃക്കൂർ സ്വദേശിയായ സന്ദീപ് ചന്ദ്രൻ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സന്ദീപ് മരിച്ചതായി ഓഗസ്റ്റ് 16നാണ് കുടുംബാംഗങ്ങൾക്ക് റഷ്യയിലെ മലയാളി സംഘടനകൾ വഴി വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ വിദേശകാര്യമന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും കുടുംബം പരാതി നൽകി. കൂടുതല്‍ മലയാളികള്‍ കൂലിപ്പട്ടാളത്തില്‍ ചേർന്ന വിവരം പുറത്ത് വരുന്നത് സന്ദീപ് കൊല്ലപ്പെട്ടതോടെയാണ്.
Also Read: IMPACT | റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി; വൈകുന്നേരത്തോടെ കേരളത്തില്‍
സന്ദീപ് ചന്ദ്രനൊപ്പമാണ് റിനിൽ തോമസ്, സന്തോഷ് ഷൺമുഖൻ, സിബി ബാബു, ജെയ്ൻ കുര്യൻ , ബിനിൽ ബാബു എന്നീ അഞ്ച് മലയാളി യുവാക്കൾ റഷ്യയിൽ എത്തിയത്. ഏജന്‍റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്നും മനസിലായത്. തുടർന്നിവർ കൂലിപ്പട്ടാളത്തില്‍ ചേരുകയായിരുന്നു. റിനിൽ തോമസ് , സന്തോഷ് ഷൺമുഖന്‍, സിബി ബാബു എന്നിവരെ നാട്ടിലെത്തിച്ചു.
തൃശൂർ സ്വദേശികളായ ബിനിൽ ബാബുവും, ജെയ്ൻ കുര്യനും ഇപ്പോഴും യുദ്ധമുഖത്ത് തന്നെയാണ് കഴിയുന്നതെങ്കിലും ഇരുവരെയും മോചിപ്പിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നാണ് ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും നൽകുന്ന വിവരം