
സെൻട്രൽ ഡീർ എൽ-ബലാഹിൽ ഫീൽഡ് ഹോസ്പിറ്റലായും അഭയകേന്ദ്രമായും ഉപയോഗിച്ചിരുന്ന സ്‌കൂളിന് നേരെ നടന്ന ആക്രമണത്തിൽ 15 കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അൽ അഖ്‌സ ആശുപത്രിയും തകർന്നതായി അധികൃതർ അറിയിച്ചു. ഇസ്രായേൽ സൈന്യമാണ് പ്രദേശത്ത് ആക്രമണം നടത്തിയതെന്നതരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്
അതേസമയം അധിനിവേശ ഗോലാൻ കുന്നുകൾക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയത് ഹിസ്ബുള്ളയാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. ആക്രമണത്തിൽ ഡ്രൂസ് സമൂഹത്തിൽ നിന്നുള്ള 11 യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ലെബനൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ഗോലാൻ കുന്നുകളിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തെക്കുറിച്ച് ലബനനിലെ യുഎൻ സ്പെഷ്യൽ കോർഡിനേറ്റർ ജെനൈൻ ഹെന്നിസ്-പ്ലാഷെർട്ടും, ലെബനനിലെ യുഎൻ സമാധാന സേനയുടെ തലവൻ അരോൾഡോ ലസാരോയും സംയുക്ത പ്രസ്താവന നടത്തി. ഗോലാനിൽ സാധാരണക്കാരുടെ മരണത്തിലേക്ക് നയിച്ച ആക്രമണത്തെ അപലപിക്കുന്നതായും, ആക്രമണങ്ങളിൽ സംയമനം പാലിക്കണമെന്നും ഹെന്നിസ്-പ്ലാഷെറും ലസാരോയും പറഞ്ഞു.
തെക്കൻ ലെബനനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമാക്രമണങ്ങൾ തുടരുകയുകാണ്. അധിനിവേശ ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസ് പട്ടണത്തിൽ നടന്ന റോക്കറ്റ് ആക്രമണത്തിന്റെ പ്രത്യാക്രമണമാണോ ഇത് എന്നതിൽ വ്യക്തതയില്ല. അതേസമയം ഗോലാൻ കുന്നുകളിൽ നടത്തിയ ആക്രമണത്തിന് വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.