
സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവിലെ ബീച്ചിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ ബോംബിങ്ങിന്‍റെ ഉത്തരവാദിത്തം അല്‍ ഷബാബ് എന്ന സംഘടനയാണ് ഏറ്റെടുത്തിരിക്കുന്നത്.
അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സായുധ സംഘമാണ് അല്‍ ഷബാബ്. 17 കൊല്ലമായി അന്താരാഷ്ട്ര പിന്തുണയുള്ള സൊമാലിയയിലെ ഫെഡറല്‍ സര്‍ക്കാരിനെതിരെ കലാപത്തിലാണ് ഈ സംഘടന. ഇതിനു മുന്‍പും വ്യവസായികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ക്കുന്ന മൊഗദിഷുവിലെ ലിഡോ ബീച്ച് മേഖലയില്‍ സംഘം ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തിനു ദൃക്‌സാക്ഷിയായ പൊലീസുകാര്‍ പറയുന്ന പ്രകാരം ബീച്ചിലെത്തിയ അല്‍ ഷബാബിന്‍റെ ആറംഗ സംഘം എല്ലാ ദിശകളിലേക്കും വെടിവെയ്ക്കുകയായിരുന്നു. ഇവരില്‍ അഞ്ചു പേരെ പൊലീസ് കീഴ്‌പ്പെടുത്തിയ സമയത്താണ് കൂട്ടത്തിലുണ്ടായിരുന്ന ആറാമന്‍ ശരീരത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിപ്പിച്ചത്.
2023ല്‍ ലിഡോ ബീച്ചിനോട് ചേര്‍ന്ന ഒരു ഹോട്ടല്‍ ആറ് മണിക്കൂര്‍ നേരം അല്‍ ഷബാബ് പിടിച്ചടക്കിയിരുന്നു. ആറ് സാധാരണക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. മാര്‍ച്ചില്‍, മറ്റൊരു ഹോട്ടല്‍ പിടിച്ചടക്കാനുള്ള ശ്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും, 27 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം മൊഗദിഷുവില്‍ നടന്ന അല്‍ ഷബാബിന്‍റെ കാര്‍ ബോംബ് ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.