
മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മുന്നൂറിലേറെ അണു ബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജമാണ് പുറത്തുവിട്ടതെന്ന് പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റ്. മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ മാസങ്ങളോളം നിലനിൽക്കും. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് താഴെയുള്ള യുറേഷ്യൻ പ്ലേറ്റുമായി ഇടിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്നും ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് പറയുന്നു. രാജ്യത്തെ ആഭ്യന്തര യുദ്ധം നാശനഷ്ടങ്ങളുടെ തോത് കൂട്ടുന്നതു കൊണ്ട് തന്നെ ദുരന്തത്തിന്റെ പൂർണവ്യാപ്തി മനസിലാക്കാൻ തടസങ്ങൾ ഉണ്ടാകുമെന്നും ഫീനിക്സ് വ്യക്തമാക്കി.
അതേസമയം, മ്യാൻമറിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്. കഠിനമായ ചൂട് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മാത്രവുമല്ല ചൂട് കൂടുന്നത് മൃതദേഹങ്ങൾ അഴുകുന്നത് ത്വരിതപ്പെടുത്തുമെന്നും ഇത് തിരിച്ചറിയൽ ബുദ്ധിമുട്ടാക്കുമെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.
ഭൂകമ്പത്തിൽ ഇതുവരെ 1700ലധികം പേർ കൊല്ലപ്പെട്ടതായാണ് മ്യാൻമറിലെ സൈനിക മേധാവി അറിയിക്കുന്നത്. 3400 ലധികം ആളുകൾക്ക് പരിക്ക്. 300 ലധികം പേരെ കാണാതായതായെന്നും സൈനിക മേധാവി അറിയിച്ചു. ദുരന്തനിവാരണത്തിനായി മെഡിക്കൽ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം തടസം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാർച്ച് 28 വെള്ളിയാഴ്ച ഉച്ചയോടെയാണ് മ്യാൻമറിനെ പിടിച്ചുകുലുക്കി കൊണ്ട് ആദ്യ ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തുകയും, പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും രേഖപ്പെടുത്തി. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കു പടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു.