
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഡീൻ കുര്യാക്കോസ് എംപി. മരണം ഉണ്ടായിട്ട് 5 മണിക്കൂർ കഴിഞ്ഞിട്ടും, നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുന്നില്ല. ഗൗരവപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പോലും പ്രതികരിക്കുന്നില്ലെന്ന് എംപി പറഞ്ഞു.
"ഇത്രത്തോളം നീതിരാഹിത്യം സമീപകാലത്ത് ഉണ്ടായിട്ടില്ല. മൃതദേഹത്തോട് അനാദരവ് കാട്ടുന്നു. കുടുംബത്തിൻ്റെ വികാരം പോലും പരിഗണിക്കുന്നില്ല. ഇടുക്കി ജില്ലയോട് നീതികേട് കാണിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ പോലും അയക്കുന്നില്ല",ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ഹർത്താൽ പ്രഖ്യാപിച്ച എൽഡിഎഫ് നേതാക്കളുടെ ലക്ഷ്യം എന്താണെന്നും എംപി ചോദ്യമുന്നയിച്ചു.
മുള്ളരിങ്ങാട് അമേൽ തൊട്ടിയില്‍ സ്വദേശി 22കാരനായ അമർ ഇലാഹിയുടെ പോസ്‌റ്റുമോർട്ടം നടക്കുന്ന തൊടുപുഴ ജില്ലാ ആശുപത്രിക്ക് പുറത്ത് നടക്കുന്ന പ്രതിഷേധത്തിനിടെയായിരുന്നു എംപിയുടെ പ്രതികരണം. പ്രതിഷേധത്തിനിടെ യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പിജെ ജോസഫ് എംഎൽഎ സ്ഥലത്തെത്തിയില്ലെന്ന് എൽഡിഎഫ് ആരോപിച്ചപ്പോൾ, മന്ത്രി റോഷി അഗസ്റ്റിൻ എവിടെ പോയെന്നായിരുന്നു യുഡിഎഫിൻ്റെ മറുചോദ്യം.