
വർഗീയതക്കെതിരായ മതേതര സ്ഥാനാർഥിയായിരിക്കും പ്രിയങ്ക ഗാന്ധി എന്ന് വയനാടിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി അംഗവും എം.പിയുമായ ഡീൻ കുര്യാക്കോസ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പെന്നും ഡീൻ കുര്യാക്കോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് പൂർണസജ്ജമാണെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചനും പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും. നാമനിർദേശ പത്രിക നൽകാനായുള്ള അവസാന തീയതി നവംബർ നാലിനാണ്.
കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ വയനാട്, റായ്ബറേലി എന്നീ മണ്ഡലങ്ങളിൽ രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിച്ചിരുന്നു. റായ്ബറേലി എംപിയായി ചുമതലയേറ്റു. തുടർന്ന് വയനാട് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെയാണ് സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സ്ഥാനാർഥിയായി എത്തുന്നത്.