
ഇടുക്കി പട്ടയമേളയില്‍ സർക്കാരിനെതിരെ ആരോപണങ്ങളുമായി ഡീൻ കുര്യാക്കോസ് എംപി. 1964ലെ ഭൂപതിവ് ചട്ടപ്രകാരം നടപടികൾ പൂർത്തീകരിച്ചിട്ടും കോടതി ഉത്തരവ് മൂലം പട്ടയ വിതരണം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് എംപി അറിയിച്ചു.
അനധികൃത കയ്യേറ്റങ്ങളില്‍ പരിസ്ഥിതി സംഘടനകള്‍ പരാതിയുമായി എത്തിയിട്ടും സർക്കാർ ഗൗരവമായി ഇടപെട്ടില്ല. ഇപ്പോഴും സർക്കാരിന് ഇടപെടാൻ കഴിയുന്നില്ല. കയ്യേറ്റ കേസുകളില്‍ മനപ്പൂർവമായി സർക്കാർ കോടതിയിൽ തോൽക്കുന്നുവെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
ഭൂമി കയ്യേറി കള്ളപ്പട്ടയം ഉണ്ടാക്കിയിട്ടുണ്ട്. സർക്കാർ നൽകിയ പട്ടയവും കള്ള പട്ടയവും രണ്ടാണ്. 1964ലെ ചട്ടപ്രകാരം നൽകിയ എല്ലാ പട്ടയവും വ്യാജമെന്ന റിപ്പോർട്ടിനെ ചെറുത്തില്ലെന്നും എംപി പറഞ്ഞു. കേസുകളില്‍ സർക്കാർ അഭിഭാഷകൻ മനപ്പൂർവം വീഴ്ച വരുത്തുന്നു. മന്ത്രി കാര്യങ്ങൾ പഠിച്ചു, എന്നാൽ നടപടികൾ ഉണ്ടാകുന്നില്ലെന്നും ഡിന്‍ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
Also Read: ചൊക്രമുടി കയ്യേറ്റത്തിൽ തുടർനടപടികളുണ്ടാകും; പ്രത്യേക സർവേ നടത്തുമെന്നും റവന്യു മന്ത്രി
ചൊക്രമുടി വിഷയത്തിൽ നടപടിയെന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ എല്ലാ നിയമങ്ങളെയും കബളിപ്പിച്ച് ഇത്തരത്തിലുള്ള നിർമാണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഡിന്‍ പറഞ്ഞു. സർക്കാർ ഗൗരവത്തോടെ ഇടപെടണം. ചട്ട ദേതഗതി ഇനിയും വൈകരുത്. ചട്ടത്തിൽ ക്രമവൽക്കരണത്തിന് ഫീസ് ഏർപ്പെടുത്തരുതെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
ചൊക്രമുടി കയ്യേറ്റത്തിൽ തുടർനടപടികളുണ്ടാകുമെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചിരുന്നു. പ്രദേശത്ത് നടക്കുന്നത് അനധികൃത കയ്യേറ്റമാണെങ്കിൽ പട്ടയം റദ്ദ് ചെയ്യുമെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.