'ഞാൻ ഹിന്ദുവായാണ്‌ ജനിച്ചത്‌. പക്ഷേ, ഹിന്ദുവായി മരിക്കില്ല'; ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഓർമയായിട്ട് 68 വർഷം

ദളിത് സമുദായത്തിൽ ജനിച്ചതുകൊണ്ടുതന്നെ അന്നത്തെ ഇന്ത്യൻ ജാതി വിവേചനത്തിൻ്റെ ദുരിതങ്ങൾ നന്നായി ഏറ്റുവാങ്ങി പൊരുതി മുന്നോട്ടു പോയ ജീവിതമായിരുന്നു അംബേദ്കറിൻ്റേത്
'ഞാൻ ഹിന്ദുവായാണ്‌ ജനിച്ചത്‌. പക്ഷേ, ഹിന്ദുവായി മരിക്കില്ല'; ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഓർമയായിട്ട്  68 വർഷം
Published on


ഇന്ത്യയുടെ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 68-ാം ചരമവാർഷികമാണ് ഇന്ന്. ജാതി വിവേചനം എന്ന നീതി നിഷേധത്തെ ഇന്ത്യയുടെ സാമൂഹ്യവ്യവസ്ഥയിൽ നിന്ന് തുരത്താനായി പോരാടിയ അംബേദ്കറുടെ ചരമവാർഷികം, സമത്വത്തിൻ്റെ പ്രാധാന്യം ഉയർത്തികാട്ടി മഹാപരിനിർവാൺ ദിനമായാണ് രാജ്യം ആചരിക്കുന്നത്. രാജ്യം കണ്ട അതുല്യ പ്രതിഭകളിലൊരാളാണ് ഡോ. ഭീം റാവു അംബാവേഡക്കർ എന്ന ബി.ആർ. അംബേദ്കർ. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നതിലുപരി സാമൂഹിക പരിഷ്കർത്താവ്, നിയമജ്ഞൻ, സാമ്പത്തിക വിദഗ്ധൻ എന്നീ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തി.

1891 ഏപ്രിൽ 14ന് മഹാരാഷ്ട്രയിലെ അംബവാഡിയിൽ മഹർ എന്ന ദളിത് സമുദായത്തിലായിരുന്നു അംബേദ്ക്കറിൻ്റെ ജനനം. ദളിത് സമുദായത്തിൽ ജനിച്ചതുകൊണ്ടു തന്നെ ഇന്ത്യൻ ജാതി വിവേചനത്തിൻ്റെ ദുരിതങ്ങൾ നന്നായി ഏറ്റുവാങ്ങി പൊരുതി മുന്നോട്ടു പോയ ജീവിതമായിരുന്നു അംബേദ്കറിൻ്റേത്. ജാതി വിവേചനത്തിനെതിരെ ഇന്ത്യയിൽ മുഴങ്ങിയ ഏറ്റവും ദൃഢമായ ശബ്ദവും അംബേദ്കറിൻ്റേതായിരുന്നു. പിതാവിന്റെ മരണശേഷം ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ന്യൂയോര്‍ക്കിലേക്ക് പോയ അദ്ദേഹം, വിദേശത്ത് പഠനം പൂര്‍ത്തിയാക്കി, സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന ഖ്യാതിയോടെയാണ് മടങ്ങിയെത്തിയത്. പിന്നോക്ക ജാതിയില്‍പ്പെട്ട ആദ്യത്തെ അഭിഭാഷകനായിരുന്നു അദ്ദേഹം.



'ഞാൻ ഹിന്ദുവായാണ്‌ ജനിച്ചത്‌. പക്ഷേ, ഹിന്ദുവായി മരിക്കില്ല', എന്ന് പ്രഖ്യാപിച്ച അദ്ദേഹം 1956-ല്‍ രണ്ടു ലക്ഷം ദളിതരോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. ജാതി വ്യവസ്ഥ സംബന്ധിച്ച നിലപാടുകളുടെ പേരില്‍ അംബേദ്കര്‍ മഹാത്മാ ഗാന്ധിയോട് പോലും കലഹിച്ചു. ദളിതരുടെ ഉന്നമനത്തിനായി 1924ല്‍ ബഹിഷ്കൃത്‌ ഹിതകാരിണി സഭയും, 1942ല്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌സ്‌ ഫെഡറേഷനും രൂപീകരിച്ചു. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം സ്വതന്ത്ര ഭരണഘടന എഴുതാന്‍ രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ അംബേദ്‌കറായിരുന്നു. 1956 ഡിസംബര്‍ ആറിനായിരുന്നു അദ്ദേഹത്തിൻ്റെ മരണം. ഇന്ത്യന്‍ ജനതയ്ക്കായി നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകള്‍ കണക്കിലെടുത്ത് മരണാനന്തരം, 1990-ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 അംബേദ്കർ മഹാപരിനിർവാൺ ദിനമായാണ് രാജ്യം ആചരിക്കുന്നത്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ മുംബൈയിലെ ശിവാജി പാർക്കിൽ എല്ലാ വർഷും നിരവധിയാളുകളാണ് എത്തുക. മുംബൈ, സബർബൻ ജില്ലയിലും സർക്കാർ, അർധ സർക്കാർ ഓഫീസുകൾക്ക് മഹാരാഷ്ട്ര സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 14 അധിക ട്രെയിനുകളും റെയിൽവേ സജ്ജീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com