
മലയാള സിനിമയുടെ ചിത്രം മാറ്റിയെഴുതിയ അതുല്യ കലാകാരൻ കെ.ജി. ജോർജിൻ്റെ ഓർമകൾക്ക് ഇന്നേക്ക് ഒരാണ്ട്. 2023 സെപ്റ്റംബർ 23നായിരുന്നു മൂന്നര പതിറ്റാണ്ട് നീണ്ട ജോർജിൻ്റെ സിനിമാ യാത്രയ്ക്ക് തിരശീല വീണത്. സിനിമയുടെ കെട്ടും മട്ടും മാറി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ആ മഹാസംവിധായകനെ ആശാനായി കാണുന്ന യുവസംവിധായകർ പിറന്നുകൊണ്ടിരിക്കുകയാണ്.
തനി വഴിവെട്ടി മലയാളിക്ക് കാഴ്ചയുടെ പുതിയ ലോകം തുറന്നിട്ട സംവിധായകനായിരുന്നു കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് അഥവാ കെ.ജി. ജോർജ്. പണമുണ്ടാക്കാൻ പടമെടുക്കാമെന്ന ആപ്തവാക്യം മലയാള സിനിമയെ കാർന്നുതിന്നാൻ തുടങ്ങുന്ന എഴുപതുകളുടെ തുടക്കത്തിലാണ് രാമു കാര്യാട്ട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമ പഠനം പൂർത്തിയാക്കിയ കെ.ജി. ജോർജ് എന്ന ചെറുപ്പക്കാരനെ വെള്ളിത്തിരയുടെ വെളിമ്പറപ്പിലേക്ക് തുറന്നുവിട്ടത്.
നെല്ലിൽ നിന്നും സിനിമയുടെ കതിരും പതിരും തിരിച്ചറിഞ്ഞ ആ പയ്യൻ സിനിമയെന്ന സ്വപ്നത്തിലേക്ക് ഇറങ്ങി നടന്നു. അധികമാർക്കും കണ്ടെത്താനാകാത്ത വഴികളിലൂടെയുള്ള സ്വപ്നാടനം. ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയതോടെ മലയാള ചലച്ചിത്ര ചരിത്രം മറ്റൊരു ഇതിഹാസത്തിൻ്റെ തുടക്കം കുറിക്കുകയായിരുന്നു.
സിനിമയുടെ സാങ്കേതികത വളരും മുൻപ് പരിമിതമായ പരിസ്ഥിതിയിൽ സർഗവാസന കൊണ്ട് ജോർജ് കയ്യൊപ്പ് ചാർത്തി. 'യവനിക'യെന്ന ലക്ഷണമൊത്ത ത്രില്ലർ മലയാളിക്ക് നൽകിയ ജോർജ് 'ആദാമിൻ്റെ വാരിയെല്ലും' 'കഥയ്ക്ക് പിന്നിലും' സമ്മാനിച്ച് മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര സിനിമാ ഭാഷയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച കന്നി കൂടിയായി. ഇലവങ്കോട് ദേശത്തോടെ സംവിധായകരുടെ ദേശത്തു നിന്നും കെ.ജി. ജോർജ് വിടവാങ്ങി. അതിന് മുൻപ് തന്നെ മഹാനഗരം എന്ന ചിത്രത്തിനായി കെ.ജി. ജോർജ് നിർമാതാവിൻ്റെ വേഷവും ആടിക്കഴിഞ്ഞിരുന്നു.
അറിയാത്ത കഥകളിലെ പറഞ്ഞുകേട്ടിട്ടില്ലാത്ത ജീവിതമായിരുന്നു ജോർജിൻ്റെ സിനിമ അന്വേഷണങ്ങൾ. പലപ്പോഴും ആ ജീവിതത്തെ ആകാംക്ഷയുടെയും ജിജ്ഞാസയുടെയും മുൾമുനയിൽ നിർത്തി ജോർജ് പ്രേക്ഷകരെ ഹരം കൊള്ളിച്ചു. പുതിയ സിനിമ ഭാഷയിൽ കണ്ണുടക്കാതിരുന്ന മലയാളി പതിയെയാണ് ജോർജിയൻ സിനിമകളിൽ ഭ്രമിച്ചുതുടങ്ങിയത്. ഒരിക്കൽ ഇഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും ഇറങ്ങിവരാൻ കഴിയാത്ത ചില മായികലോകങ്ങളിൽ. അഴിക്കുംതോറും സങ്കീർണമാകുന്ന അത്ഭുതം നിറയ്ക്കുന്ന സിനിമക്കാഴ്ചകളിലേക്ക് ജോർജ് ആസ്വാദകനെ കൊണ്ടിടും.
സിനിമയും സമൂഹവും തമ്മിൽ അതിരിട്ടിരുന്ന കാലത്ത് ഒരു 'പഞ്ചവടിപ്പാലം' കൊണ്ട് ഇരുകരകളെ ബന്ധിക്കാനും, കള്ളുവർക്കിയുടെ ജീവിത കണക്ക് തെറ്റാണെന്ന് വിളിച്ചുപറയാനും മലയാളിക്ക് കെ.ജി. ജോർജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹിച്കോക്കും, കുറസോവയും, ബെർഗ്മാനും, സ്കോർസെസെയും ലോക സിനിയമയുടെ നിയമങ്ങൾ മാറ്റിയെഴുതിയപ്പോൾ ഏഷ്യൻ ഭൂഖണ്ഡത്തിൻ്റെ ഒരു കോണിൽ കെ.ജി. ജോർജ് സിനിമയ്ക്ക് പുതിയ നിയമമെഴുതുകയായിരുന്നു.