
മലപ്പുറം കൊണ്ടോട്ടിയില്‍ സ്വകാര്യ ആശുപത്രിയില്‍ നാലു വയസ്സുകാരന്‍ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അരിമ്പ്ര സ്വദേശി കൊടക്കാടന്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഷാസിലാണ് ഈ മാസം ജൂണ്‍ ഒന്നിന് ചികിത്സിയ്ക്കിടെ മരിച്ചത്. നിസാര്‍-സൗദാബി ദമ്പതികള്‍ക്ക് ആറ് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിച്ച ഏകമകന്‍ ആയിരുന്നു മുഹമ്മദ് ഷാസില്‍.
വായില്‍ കമ്പ് കൊണ്ടുള്ള മുറിവുമായാണ് ഈ മാസം ഒന്നിന് മുഹമ്മദ് ഷാസിലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും, കുട്ടി മരിച്ചു. എന്നാല്‍ വായില്‍ കമ്പു കൊണ്ടുള്ള മുറിവുകൊണ്ടല്ല അനസ്‌ത്യേഷ നല്‍കിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്ക് അനസ്‌ത്യേഷ്യ നല്‍കുന്നതിന് മുമ്പുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരില്‍ നിന്നുണ്ടായത്.
വായില്‍ കമ്പ് കൊണ്ടുണ്ടായ മുറിവിന് ചികിത്സതേടിയെത്തിയ കുട്ടിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചെന്നും തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ കുട്ടി മരിക്കുകയുമായിരുന്നു. ബന്ധുക്കള്‍ അന്ന് തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. കൊണ്ടോട്ടി ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കും.