കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: നവീൻ ബാബുവിൻ്റേത് പോലെ തേച്ച് മായ്‌ച്ചു കളയാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

സഹകരണ മേഖലയിലെ രൂക്ഷമായ പ്രതിസന്ധികൾ പുറത്ത് വന്നിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല
കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: നവീൻ ബാബുവിൻ്റേത് പോലെ തേച്ച് മായ്‌ച്ചു കളയാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
Published on

കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കെട്ടിടത്തിൽ ജീവനൊടുക്കിയ മുളങ്ങാശേരില്‍ സാബുവിൻ്റെ മരണത്തിന് ഉത്തരവാദികളെ വ്യക്തമായി പറഞ്ഞ് കൊണ്ടാണ് ആത്മഹത്യ കുറിപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം ഉന്നത നേതാവ് ഭീഷണിപ്പെടുത്തിയതായും കുറിപ്പിലുണ്ട്. നവീൻ ബാബു കേസ് തേയ്ച്ച് മായ്ച്ച് കളയാൻ ശ്രമം നടക്കുന്നത് പോലെ ഇതും മുന്നോട്ട് പോകുന്നു. സഹകരണ മേഖലയിലെ രൂക്ഷമായ പ്രതിസന്ധികൾ പുറത്ത് വന്നിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സഹകരണ മേഖലയെ ശുദ്ധീകരിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ പരിഷ്കാരങ്ങൾ നടത്തുന്നു. പക്ഷെ കേരളത്തിലെ LDF - UDF അതിനോട് സഹകരിക്കുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

"സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി ബിജെപി കരിവന്നൂർ മോഡൽ സമരം ആരംഭിക്കും. 405 കോടി രൂപയാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലക്ക് നൽകിയത്. മുൻപുണ്ടായിരുന്ന ഒരു സർക്കാരും ഒറ്റയടിക്ക് കേരളത്തിന് ഇത്രയും പണം നൽകിയിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ഇടപെടുന്നു. പക്ഷെ അതിനെതിരെ കേരളത്തിൽ വ്യാജപ്രചരണം നടക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം തകരുന്നു. ഗവേഷണ കേന്ദ്രങ്ങളിൽ പൂച്ച പെറ്റു കിടക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ കത്തിൻ്റെ ബലത്തിലാണ് സർവ്വകലാശാലകളിൽ നിയമനം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടാൻ ജില്ല കമ്മിറ്റികൾ വിഭജിക്കുകയാണ്. 14 റവന്യൂ ജില്ലകളായി 30 ജില്ലകളായി വിഭജിക്കുന്നു. എ. വിജയരാഘവൻ്റെ മുന്നിലും പിന്നിലുമുള്ളത് വർഗീയ ശക്തികൾ. CPM വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്," കെ. സുരേന്ദ്രൻ പറഞ്ഞു.

സാബുവിൻ്റെ മരണത്തെ തുട‍ർന്നുള്ള അന്വേഷണത്തിൽ 100 ശതമാനം പ്രതീക്ഷയെന്ന് കുടുംബം പ്രതികരിച്ചിരുന്നു. പൊലീസ് ഇന്നലെ മൊഴി രേഖപ്പെടുത്തി. ഒന്നര വർഷമായി അനുഭവിച്ച യാതനകൾ എല്ലാം പൊലീസിനോട് പറഞ്ഞു. സാബുവിന്റെ ഫോൺ തന്റെ കയ്യിലുണ്ട്. ഇന്ന് ഫോൺ പൊലീസിന് കൈമാറുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി ഉൾപ്പെടെ ആത്മഹത്യ കത്തിൽ പരാമർശിച്ച 4 പേർക്കെതിരെയും ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തണം. പറഞ്ഞ സമയത്ത് പണം നൽകിയത് ആകെ ഒരു തവണ മാത്രമാണ്. ബിനോയ് വിശ്വം പിടിച്ചുതള്ളിയെന്നും അസഭ്യം പറഞ്ഞെന്നും സാബു പറഞ്ഞിരുന്നു. ഈ പ്രശ്നം കഴിഞ്ഞത് മുതൽ സാബു മാനസിക സംഘർഷത്തിൽ ആയിരുന്നു. പൈസ ഇല്ലാഞ്ഞിട്ടല്ല, തങ്ങൾക്ക് തരാതിരിക്കാൻ ആണ് അവർ ശ്രമിക്കുന്നത് എന്നും സാബു പറഞ്ഞിരുന്നുവെന്നും മേരിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com