
അർജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ആരോപണവിധേയരായ ആരോഗ്യപ്രവർത്തകരുടെ വിചാരണ നീട്ടിവെച്ചു. 2025 മാർച്ചിലേക്കാണ് വിചാരണ മാറ്റിയത്. മതിയായ ചികിത്സയുടെ അഭാവത്തിലാണ് മറഡോണ മരിച്ചതെന്നാണ് കണ്ടെത്തല്‍.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി രണ്ടാം ആഴ്ചയാണ് ഇതിഹാസ താരമായ ഡീഗോ മറഡോണ മരിച്ചത്. 2020 നവംബറിൽ 60-ാം വയസിലായിരുന്നു അന്ത്യം. ബ്യൂണസ് അയേഴ്സിലെ വാടക വീട്ടിലെ കിടക്കയില്‍ മരിച്ചനിലയിലാണ് മറഡോണയെ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
Also Read: പിറന്നത് പുതു ചരിത്രം; സോഷ്യല്‍ മീഡിയയിൽ 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ അടക്കം രംഗത്തെത്തിയതിനെ തുടർന്ന്, 2021ല്‍ 20 ആരോഗ്യവിദഗ്ദരുടെ പ്രത്യേക പാനല്‍ രൂപീകരിച്ച് അന്വേഷണം നടന്നു. അന്വേഷണത്തില്‍, മറഡോണയെ ചികിത്സിച്ച ആരോഗ്യ വിദഗ്ദർക്ക് വീഴ്ചയുണ്ടായി എന്നായിരുന്നു കണ്ടെത്തല്‍. മതിയായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ മറഡോണയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും പാനല്‍ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ നഴ്സുമാർ ഉള്‍പ്പെടെ എട്ടുപേർക്കെതിരെ ചികിത്സാപിഴവ് ചുമത്തപ്പെട്ടു. ഇതില്‍ ഏഴുപേരുടെ വിചാരണയാണ് ഇപ്പോള്‍ സാൻ ഇസിദ്രോയിലെ ക്രിമിനല്‍ കോടതി നീട്ടിവെച്ചിരിക്കുന്നത്.
ന്യൂറോ സർജൻ ലിയോപോൾഡോ ലുക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസച്ചോവ്, സൈക്കോളജിസ്റ്റ് കാർലോസ് ഏഞ്ചൽ ഡിയാസ്, കോ-ഓർഡിനേറ്റിംഗ് ഡോക്ടർ നാൻസി ഫോർലിനി, നഴ്‌സിംഗ് കോർഡിനേറ്റർ മരിയാനോ പെറോണി, ക്ലിനിഷ്യൻ പെഡ്രോ പാബ്ലോ ഡി സ്പാഗ്ന, നഴ്‌സ് റിക്കാർഡോ ഒമർ അൽമിറോൺ എന്നിവരുടെ വിചാരണയാണ് 2025 മാർച്ച് 11ലേക്ക് മാറ്റിവെച്ചിരിക്കുന്നത്. അതേസമയം, പ്രത്യേക വിചാരണ ആവശ്യപ്പെട്ട നഴ്സുമാരിലൊരാളായ ഗിസെല ദഹിയാന മാഡ്രിഡിന്‍റെ വിചാരണ ഈ വർഷം ഒക്ടോബർ 2 ന് തന്നെ നടക്കും. എട്ട് മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.