
എറണാകുളം ചാലാക്കയിൽ മെഡിക്കൽ വിദ്യാർഥിനിയുടെ മരണത്തിൽ ഒളിച്ചു കളിച്ചു പൊലീസും കോളേജ് മാനേജ്മെന്റും. എഫ്ഐആറിലും മാനേജ്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലും അപകട കാരണം വ്യത്യസ്തമാണ്. ഹോസ്റ്റലിലെ വിദ്യാർഥികളെ പരസ്യ പ്രതികരണത്തിൽ നിന്നും വിലക്കിയിരിക്കുകയാണ് കോളേജ് അധികൃതർ.
കഴിഞ്ഞദിവസം രാത്രിയാണ് ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാംവർഷ വിദ്യാർഥിനി ഫാത്തിമത് ഷഹാന ഹോസ്റ്റലിലെ ഏഴാം നിലയിൽ നിന്നും വീണ് അപകടമുണ്ടാകുന്നത്. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ മരണം സംഭവിച്ചു. 450 ഓളം വിദ്യാർഥികൾ താമസിക്കുന്ന കോളേജ് ഹോസ്റ്റലിൽ സുരക്ഷാ സംവിധാനത്തിലെ പിഴവാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. കെട്ടിടത്തിന്റെ വരാന്തകളിൽ ക്രമീകരിച്ചിട്ടുള്ള ഫയർ റെസ്ക്യൂ സംവിധാനം മറച്ചിരിക്കുന്നത് ജിപ്സം ബോർഡുകൾ ഉപയോഗിച്ചാണ്. ഇത്തരത്തിൽ ഏഴാം നിലയിൽ നിന്നും ജിപ്സം ബോർഡിലേക്ക് വീണ വിദ്യാർഥി ഒന്നാം നിലയിലെ കോൺക്രീറ്റ് പ്രതലത്തിലേക്കാണ് പതിച്ചത്.
കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ എങ്ങനെയോ വിദ്യാർഥി തഴേക്ക് വീണെന്ന് പൊലീസ് പറയുമ്പോൾ ഏഴാം നിലയിലെ കൈവരിയിൽ ഇരുന്ന് ഫോൺ ചെയ്യുകയായിരുന്ന വിദ്യാർത്ഥി അപ്രതീക്ഷിതമായി തഴേക്ക് വീണു എന്നാണ് മാനേജ്മെന്റ് പത്രക്കുറിപ്പിൽ വിശദീകരിക്കുന്നത്. അപകടം ഉണ്ടായ സമയത്തിലും വ്യത്യസ്ത അഭിപ്രായമാണ് ഇരു കൂട്ടർക്കും ഉള്ളത്. കഴിഞ്ഞദിവസം ഉണ്ടായ അപകടം പൊലീസിൽ അറിയിക്കുന്നത് ഇന്ന് രാവിലെ എട്ടരയോടെ മാത്രമാണെന്നുള്ള ഗുരുതരമായ വീഴ്ചയും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
ഹോസ്റ്റലിലെ മറ്റു വിദ്യാർഥികളെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും വിലക്കിയ മാനേജ്മെന്റ് നടപടിയിലും ദുരൂഹത വർദ്ധിപ്പിക്കുകയാണ്. അസ്വാഭാവിക മരണത്തിന് ചെങ്ങമനാട് പൊലീസ് കേസെടുത്തുവെങ്കിലും മരണകാരണം കൃത്യമായി കണ്ടെത്തുവാൻ പൊലീസിനും കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് ഇന്നുതന്നെ കൊണ്ടുപോകും.