
എറണാകുളം ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ചോറ്റാനിക്കരയിലെ വീട്ടിൽ ഒരു മണികൂർ മൃതദ്ദേഹം പൊതുദർശനത്തിന് വയ്ക്കും. മൂന്ന് മണിക്ക് തൃപ്പൂണിത്തുറ നടമേൽ യാക്കോബായ പള്ളിയിലാണ് പെൺകുട്ടിയുടെ സംസ്കാരം.
കഴിഞ്ഞ 5 ദിവസമായി ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് 19 കാരിയെ ആൺസുഹൃത്ത് അതിക്രൂരമായി മർദിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ സ്ഥിരീകരിക്കുകയായിരുന്നു.
കേസിൽ പ്രതിയായ ആൺസുഹൃത്തിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നും സിഐ കഴിഞ്ഞ ദിവസം അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് തലയോലപ്പറമ്പ് സ്വദേശി അനൂപുമായി പെൺകുട്ടി സൗഹൃദത്തിലാവുന്നത്. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികുറ്റം സമ്മതിച്ചിരുന്നു.
വീട്ടിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റികയും കഴുത്തിൽ കുരുക്കിയ ഷാളും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചും പിന്നീട് ശ്വാസം മുട്ടിച്ചും കയ്യിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചതായും പ്രതി പൊലീസിന് മൊഴി നൽകി. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പ്രഥമ ദൃഷ്ട്യാ പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉള്ളതായും പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പറഞ്ഞിരുന്നു.