രത്തന്‍ ടാറ്റ; നഷ്ടമായത് വ്യവസായത്തിനൊപ്പം രാഷ്ട്ര ക്ഷേമവും ആഗ്രഹിച്ച തലമുറയുടെ ഐക്കണ്‍

ഇന്ത്യൻ കുത്തകകളോട് സ്വീകരിക്കേണ്ട സമീപനത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് ഒരു നിമിഷത്തേക്ക് എങ്കിലും ആശയക്കുഴപ്പമുണ്ടാക്കാൻ ടാറ്റയുടെ വളർച്ചയിലെ നെഹ്റുവിയൻ സ്വാധീനത്തിന് കഴിഞ്ഞിരിക്കാം
രത്തന്‍ ടാറ്റ; നഷ്ടമായത് വ്യവസായത്തിനൊപ്പം രാഷ്ട്ര ക്ഷേമവും ആഗ്രഹിച്ച തലമുറയുടെ ഐക്കണ്‍
Published on

വ്യാപാര വിജയം എന്നത് കേവലം വ്യക്തിലാഭം മാത്രമല്ല, രാഷ്ട്രത്തിന്റെ ക്ഷേമവും അതിനൊപ്പം വളരണമെന്ന് വാശിയുണ്ടായിരുന്ന തലമുറയുടെ ഐക്കൺ കൂടിയാണ് രത്തൻ ടാറ്റയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. നെഹ്റു വഴി ടാറ്റയിൽ ഉരുവമെടുത്ത ദേശീയതയല്ല രാജ്യത്ത് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്ന ദേശീയതയെന്നത് കൂടി ഈ വിയോഗത്തെ വലുതാക്കുന്നു.


സ്ത്രീകൾക്ക് വിദേശ ഉത്പ്പന്നങ്ങൾക്ക് പകരം ഉപയോ​ഗിക്കാനൊരു ഇന്ത്യൻ ബ്രാൻ‍ഡ് വേണമെന്ന ആശയം നെഹ്റു ഒരിക്കൽ അവതരിപ്പിച്ചു. ഒരുപാട് ആലോചിച്ച് അവസാനം ഒരു പേര് തെരെഞ്ഞെടുത്തു 'ഓപ്പറ ലാക്മെ'. ലക്ഷ്മീദേവിയുടെ ഐശ്വര്യവും ഫ്രഞ്ച് ദേവതാ സാന്നിധ്യവുമുള്ളൊരു പേരിൽ നിന്ന് അങ്ങനെ ലാക്മേ എന്ന ബ്രാൻഡ് പിറന്നു. ഓപ്പറ കഥയ്ക്കും അതിനോട് ബന്ധമുണ്ട്. ബ്രാഹ്മണ പുരോഹിതൻ്റെ മകളായ ലക്ഷ്മിയും ബ്രിട്ടീഷ് സൈനികനായ ജെറാൾഡും പ്രണയത്തിലായ കഥയാണ് ലാക്മെ ഓപ്പറ. 

ടാറ്റയുടെ കുടുംബ ബന്ധത്തില്‍ നിന്ന് ആ ബ്രാന്‍ഡിന് ചേരുന്ന കഥയുമുണ്ട്. സ്വിസ് യുവതി സിമോണ്‍, പാഴ്‌സിയായ നവല്‍ ടാറ്റയെ വിവാഹം ചെയ്തതാണത്. ഒരു സായാഹ്ന കൂടിക്കാഴ്ച്ചയിൽ എഴുത്തുകാരൻ ഖുശ്‌വന്ത് സിങാണ് ബ്രാൻഡിന് പേര് നിർദേശിച്ചതെന്നും കഥയുമുണ്ട്. 


ഏതായാലും നവൽ ടാറ്റയുടെ മകൻ രത്തൻ ടാറ്റ ലാക്മെ ബ്രാൻഡിനെ വളർത്തി വലുതാക്കി. രാജ്യത്തെ വ്യവസായവത്കരണത്തിൽ നെഹ്റുവെടുത്ത ആവേശവും ആശയങ്ങളും നടപ്പാക്കാൻ അക്കാലത്ത് നിരവധി വ്യവസായികളുമുണ്ടായിരുന്നു.

രാജ്യത്തിന് ഉരുക്കു വേണം എന്ന് പറഞ്ഞതിൽ നിന്ന് ടാറ്റ സ്റ്റീൽ വളർന്നു. ജെആ‍ർ‌ഡി ടാറ്റയും ഡെൽഹി ക്ലോത്ത് ജനറൽ മിൽസിന്റെ ലാലാ ശ്രീറാമിന്റെ ഘനശ്യാം ബി‍ർളയും അർദേശിർ ദലാലും രാമകൃഷ്ണ ഡാൽമിയയുമെല്ലാം വ്യവസായങ്ങളുടെ വേ​ഗതയിലേക്ക് എത്തിച്ച കാലമായിരുന്നു അത്. രാജ്യത്തിന്റെ വ്യാവസായിക വള‍ർച്ചക്ക് വേണ്ടി അവരെ പലരേയും നെഹ്റു പ്രചോദിപ്പിച്ചു.


ജംഷഡ്ജി ടാറ്റ ബ്രിട്ടീഷ് ഇന്ത്യയിൽ വാട്സൻസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ സെക്യൂരിറ്റി അകത്തേക്ക് കയറ്റിവിട്ടില്ല. ഇതിൻ്റെ പ്രതികാരമായാണ് താജ് ഹോട്ടൽ തുടങ്ങിയതെന്ന കഥയുമുണ്ട്. തലമുറകൾക്ക് അപ്പുറവും ഇപ്പുറവും ടാറ്റയുടെ പ്രത്യേകത അത് ദേശീയതയുടെ ഭാ​ഗമായി നിന്നുവെന്നതാണ്. തന്റെ ബിസിനസ് വളരണമെന്ന നിശ്ചയദാ‍ർഢ്യം മാത്രമല്ല, രാജ്യം അതിനും മുകളിലേക്ക് വളരണം എന്ന തീവ്രമായ ആ​ഗ്രഹവുമുള്ള വ്യവസായികളുടെ കാലമായിരുന്നു അത്. തലമുറകൾക്ക് ശേഷവും രത്തൻ ടാറ്റയടക്കമുള്ളവരുടെ കാഴ്ച്ചപ്പാടും അതുതന്നെയായിരുന്നു.

ഹോമി ജെ ബാബയിൽ നിന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസ‍ർച്ചും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസും വന്നത് രാജ്യത്തെ ബൗദ്ധിക വളർച്ചയ്ക്ക് വേണ്ടി ആയിരുന്നു. എന്നാൽ, പുതിയ കാലത്തെ ദേശീയതയല്ല ടാറ്റയിലടക്കം കണ്ട ദേശീയത എന്നതാണ് രത്തൻ അടക്കമുള്ള വ്യവസായികളെ വേറിട്ടുനിർത്തുന്നത്. അതിനൊരു നെഹ്രുവിയൻ ചായ്‌വുണ്ടായിരുന്നു.

പുതിയ കാലത്തെ കോർപ്പറേറ്റുകളുടെ സ്വയംവളർച്ചാ സിദ്ധാന്തങ്ങൾക്കപ്പുറം നിലപാടെടുക്കാനുള്ള പ്രേരണയും അതാണ്. മോദിയോട് ഇടഞ്ഞ് ട്വിറ്റര്‍ പോസ്റ്റിട്ടയാളാണ് രത്തന്‍ ടാറ്റ എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. വലിയ സമ്പന്നതയിൽ പിറന്നെങ്കിലും അത്യാഢംബരങ്ങളൊന്നും ഇല്ലാതെ മുംബൈ കൊളാബയിലെ ബഖ്താവറിൽ, നിറയെ സിനിമാ കാസറ്റുകളും മ്യൂസിക് റെക്കോർഡുകളും പുസ്തകങ്ങളുമൊക്കെയായാണ്  രത്തൻ ടാറ്റ ജീവിച്ചത്.


കനത്ത മഴയിൽ ഒരു കുടുംബം സ്കൂട്ടറിൽ നനഞ്ഞ് പോകുന്നത് കണ്ടാണ് രത്തൻ ടാറ്റയ്ക്ക് നാനോ കാർ എന്ന ആശയമുണ്ടായത്. ഉപഭോക്താവിനൊപ്പം മനുഷ്യർ എന്നൊരു കരുതൽ കൂടിയുണ്ടായിരുന്നു ടാറ്റാ കുടുംബത്തിന്റെ പല ചിന്തകളിലും. അതുകൊണ്ടാണ്, മറ്റ് കോർപ്പറേറ്റ് വ്യവസായികളിൽ നിന്ന് വേറിട്ടുനിന്നത്. ഇന്ത്യൻ കുത്തകകളോട് സ്വീകരിക്കേണ്ട സമീപനത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഒരു നിമിഷത്തേക്ക് എങ്കിലും ആശയക്കുഴപ്പമുണ്ടാക്കാൻ ടാറ്റയുടെ വളർച്ചയിലെ നെഹ്റുവിയൻ സ്വാധീനത്തിന് കഴിഞ്ഞിരിക്കാം. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com