
നടൻ സൽമാൻ ഖാനും, വെടിയേറ്റ് മരിച്ച എൻസി നേതാവ് ബാബ സിദ്ദിഖിൻ്റെ മകനും എം.എൽ.എയുമായ സീഷൻ സിദ്ദിഖിനെതിരെയും വധഭീഷണി മുഴക്കിയ 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസ് നോയിഡയിൽ നിന്നാണ് പ്രതിയായ ഗുഫ്രാൻ ഖാനെ പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത ഗുഫ്രാൻ ഖാനെ റിമാൻഡ് ചെയ്തു.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച സീഷൻ സിദ്ദിഖിൻ്റെ ബാന്ദ്രയിലെ ഓഫീസിലേക്കും ഭീഷണി സന്ദേശമെത്തിയിരുന്നു. മോചനദ്രവ്യം നൽകിയില്ലെങ്കിൽ സൽമാൻ ഖാനെയും സീഷൻ സിദ്ദിഖിനെയും കൊല്ലുമെന്നായിരുന്നു ഭീഷണി. തുടർന്ന് ഓഫീസിലെ ജീവനക്കാർ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ മുഹമ്മദ് തയ്യബ് എന്നയാളാണ് സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തുകയും ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നേരത്തെ ജംഷഡ്പൂരിലെ പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹുസൈൻ ഷെയ്ഖ് മൗസിൻ എന്ന 24 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശമയച്ചതിനാണ് അറസ്റ്റ്. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്‌സ്ആപ്പ് ഹെൽപ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് മുൻപും വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലിൽ നടൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് സംഘത്തിലെ അംഗങ്ങൾ എന്ന് സംശയിക്കുന്നവർ വെടിയുതിർത്തിരുന്നു. ഭീഷണിയെ തുടർന്ന് താരത്തിൻ്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.