തൃശൂർ പൂരം കലക്കാന്‍ തീരുമാനിച്ചത് ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍; ഗൂഢാലോചന ആരോപിച്ച് കെ. മുരളീധരന്‍

തൃശൂർ പൂരം കലക്കാന്‍ തീരുമാനിച്ചത് ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍; ഗൂഢാലോചന ആരോപിച്ച് കെ. മുരളീധരന്‍

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ സംസാരിച്ചതിലും മുന്‍ എംപി പ്രതികരിച്ചു
Published on

തൃശൂർ പൂരം വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ. മുരളീധരന്‍. 2023ൽ എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് പൂരം കലക്കാൻ തീരുമാനിച്ചതെന്ന് മുരളീധരന്‍ ആരോപിച്ചു.

പൂരത്തിന്‍റെ തറവില ഉയർത്തിയതായിരുന്നു ആദ്യ നീക്കം. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലാണ് പൂരസ്ഥലത്തേക്ക് എത്തിയത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും മുരളീധരന്‍ ആരോപിച്ചു.

പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. 2023 മെയ് 20-22 തീയതികളില്‍ പാറമേക്കാവിൽ ആർഎസ്എസ് ക്യാംപ് നടന്നിരുന്നു. വിദ്യാമന്ദിർ ഹാളിൽ വെച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എഡിജിപി  കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.


കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ സംസാരിച്ചതിലും മുന്‍ എംപി പ്രതികരിച്ചു. ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര ഏജന്‍റാണ്. സർവകലാശാലകളില്‍ സംഘപരിവാറിന് വാതിൽ തുറന്നുകൊടുത്ത ആളാണെന്നും ഗവർണറുടെ നിലപാടിനോട് കോൺഗ്രസിന് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.  തിരുവഞ്ചൂർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. ഗവർണർ മാറണമെന്ന് പറയാത്തത് ഇതിലും വലിയ 'ഒഫീഷ്യൽ സംഘപരിവാറുകാർ വരുമെന്നതിനാലാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

മുന്‍ എഐസിസി അംഗത്തിന്‍റെ 'കാസ്റ്റിങ് കൗച്ച്' ആരോപണങ്ങളേയും മുരളീധരന്‍ നിഷേധിച്ചു.  കോൺഗ്രസിൽ കാസ്റ്റിംഗ് കൗച്ചില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് ആരോപണം ഉന്നയിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. നേതാക്കളോട് അടുപ്പമുള്ളവർക്കാണ് പാർട്ടിയില്‍ സ്ഥാനം ലഭിക്കുന്നതെന്നും ദുരനുഭവങ്ങളുണ്ടായ പലരും പാർട്ടിയിലുണ്ടെന്നുമായിരുന്നു  ആരോപണം.

News Malayalam 24x7
newsmalayalam.com