
കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാൻസും നൽകാൻ തീരുമാനം. 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസുമാണ് നൽകുക. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് അഡ്വാൻസായി നൽകുന്നത്. ബോണസ് തുക സെപ്റ്റംബർ പത്തിനകം വിതരണം ചെയ്യും.
തിരുവനന്തപുരത്തെ ജലക്ഷാമം നാളെയോടെ പരിഹരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജലക്ഷാമം രൂക്ഷമായ തൈക്കാട്, വെള്ളയമ്പലം, കഴക്കൂട്ടം ഭാഗങ്ങളിൽ കൂടുതൽ ടാങ്കറുകളിൽ വെള്ളം എത്തിക്കും. ജലവിതരണം ക്രമീകരിക്കുന്നതിൽ വാട്ടർ അതോറിറ്റിക്ക് വീഴ്ച പറ്റിയെന്നാണ് യോഗത്തിലെ വിലയിരുത്തൽ.
വ്യാഴാഴ്ച മുതൽ മൂന്ന് ദിവസമായി തലസ്ഥാനത്ത് വെള്ളം മുടങ്ങിയിട്ട്. റെയിൽവേ പാത ഇരട്ടിപ്പിക്കാൻ ജലവിതരണ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതാണ് ജലവിതരണം തടസപ്പെടാൻ കാരണം. സെക്രട്ടറിയേറ്റിലടക്കം ജലവിതരണം മുടങ്ങി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം യോഗം ചേർന്നത്. മുന്നറിയിപ്പ് നൽകിയതല്ലാതെ പകരം സംവിധാനമൊരുക്കുന്നതിൽ വാട്ടർ അതോറിറ്റിക്ക് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി. ജലവിതരണം തടസപ്പെട്ടത് കണക്കിലെടുത്ത് വാട്ടർ അതോറിറ്റി കൺട്രോൾ റൂം തുറന്നു.