'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്'; മന്ത്രി സജി ചെറിയാനെയും യു. പ്രതിഭ MLA യേയും വിമർശിച്ച് ദീപിക ദിനപത്രം

പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിനെ നിസാരവൽക്കരിച്ച മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനയാണ് വിമർശനത്തിനിടയാക്കിയത്.
'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്'; മന്ത്രി സജി ചെറിയാനെയും യു. പ്രതിഭ MLA യേയും വിമർശിച്ച് ദീപിക ദിനപത്രം
Published on

മന്ത്രി സജി ചെറിയാനെയും യു.പ്രതിഭ MLA യെയും വിമർശിച്ച് ദീപിക ദിനപത്രം. രാജാവിൻ്റെ മകൻ ആണെങ്കിലും നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് വിമർശനം. സജി ചെറിയാൻ്റെ പ്രസ്താവന കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കൽ ആണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.


സാംസ്കാരിക മന്ത്രിയാണ് ആപത്കരമായ ഒരു സംസ്കാരത്തെ നിസാരവൽക്കരിച്ചത്. പ്രതികൾ പാർട്ടിക്കാർ ആണെങ്കിൽ സംരക്ഷകരാകുന്നത് നാടിനുള്ള ശിക്ഷയാണ് സർക്കാരിൻറെ കൊട്ടിഘോഷിച്ച നടപടികളെല്ലാം മറികടന്ന് മയക്കുമരുന്ന് വ്യാപിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.


പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിനെ നിസാരവൽക്കരിച്ച മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനയാണ് വിമർശനത്തിനിടയാക്കിയത്. നമ്മുടെ കുട്ടികളല്ലേ. അവർ കൂട്ടുകൂടും. അങ്ങനെയിരുന്നു വർത്തമാനം പറഞ്ഞു കാണും. ആരാണ്ട് വന്നു പിടിച്ചു. കുട്ടികളായാൽ കമ്പനിയടിക്കും പുകവലിക്കും. നമ്മൾ ആരും കുട്ടികൾ ആകാതെ ആണല്ലോ ഇങ്ങോട്ടുവന്നതെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്.

കായംകുളത്ത് എസ്. വാസുദേവൻ പിള്ള അനുസ്മരണത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.എന്നാൽ കുട്ടികളുടെ പുകവലി നല്ല ശീലമല്ലെന്നും കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് എക്‌സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചിരുന്നു.

പ്രതിഭ എംഎൽഎയുടെ മകനടക്കം ഒൻപത് യുവാക്കളെയാണ് തകഴിയിൽ നിന്ന് കുട്ടനാട് എക്സൈസ് പിടികൂടിയത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.


എക്സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരിൽ നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് റിപ്പോർട്ട്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരിൽ നിന്ന് കണ്ടെടുത്തതായും എക്സൈസ് അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com