"പൂർണമായും നിസ്സഹായതയും നിരാശയും തോന്നി, ജീവിക്കാൻ താൽപ്പര്യമില്ലായിരുന്നു"; താൻ നേരിട്ട വിഷാദരോഗത്തെപ്പറ്റി ദീപിക പദുക്കോണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദീപിക
"പൂർണമായും നിസ്സഹായതയും നിരാശയും തോന്നി, ജീവിക്കാൻ താൽപ്പര്യമില്ലായിരുന്നു";  താൻ നേരിട്ട വിഷാദരോഗത്തെപ്പറ്റി ദീപിക പദുക്കോണ്‍
Published on


മാനസികാരോഗ്യ അവബോധത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി ദീപിക പദുക്കോൺ. നേരത്തെയും താൻ നേരിട്ടിരുന്ന വിഷാദരോഗത്തെപ്പറ്റി പല അഭിമുഖങ്ങളിലും ദീപിക പദുക്കോണ്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ തുറന്നുപ്പറച്ചിലുകൾക്ക് ശേഷമാണ് വിഷാദരോഗത്തിനെതിരായ തന്റെ യാത്ര ആരംഭിച്ചതെന്നും ദീപിക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദീപിക.

പരീക്ഷകളെ സമ്മര്‍ദമില്ലാതെ നേരിടാന്നായി വിദ്യാർഥികളെ പ്രാപ്തരാക്കാൻ സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. മേരി കോം ഉള്‍പ്പെടെയുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം, മാനസികാരോഗ്യം, ഉന്നത പഠനം, കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പരിപാടിയില്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കപ്പെടാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് മാനസികാരോഗ്യം എന്നത് ഒരുതരം അപമാനമായിരുന്നു. വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. 2014 ൽ മുംബൈയിലാണ് താൻ ജോലി ചെയ്തിരുന്നത്. വിശ്രമമില്ലാത്ത ജോലിയായിരുന്നു. അന്ന് തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ ആരോടും പറഞ്ഞില്ല. പെട്ടന്ന് ഒരു ദിവസം ബോധരഹിതയായി വീണു.

അന്ന് തന്നെ കാണാൻ വന്ന അമ്മയാണ് തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയത്. എന്തെങ്കിലും സംഭവിച്ചോ, ജോലിസ്ഥലത്ത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അമ്മ ചോദിച്ചു. തനിക്ക് പൂർണമായും നിസ്സഹായതയും നിരാശയും തോന്നുന്നതായും ഇനി ജീവിക്കാൻ താൽപ്പര്യമില്ലെന്നും പറഞ്ഞു. അത് മനസ്സിലാക്കിയ അമ്മ തന്നെയാണ് സൈക്കോളജിസ്റ്റിനെ വിളിക്കാൻ തീരുമാനിച്ചതെന്നും, 2015 ലാണ് തനിക്ക് വിഷാദരോഗമുണ്ടെന്ന് കണ്ടെത്തിയതെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.

വിഷാദരോഗമെന്നത് ഒരു അദൃശ്യ രോഗമാണ്. ‌നമുക്ക് ചുറ്റുമുളളവര്‍ ഏത് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആർക്കുമറിയില്ല. പുറമേ അവര്‍ സന്തുഷ്ടരായിരിക്കും. എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറും. എന്നാൽ ഉള്ളിൽ അവർ ഉത്കണ്ഠയോ വിഷാദമോ അനുഭവിക്കുന്നുണ്ടാകും. അവരുടെ വിഷാദാവസ്ഥ നമ്മൾ അറിയണമെന്നില്ലെന്നും ദീപീക പറഞ്ഞു.

മാനസികാരോഗ്യം എങ്ങനെ പരിപാലിക്കാം എന്നതിനെക്കുറിച്ചുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും ദീപിക പദുക്കോണ്‍ മറുപടി പറഞ്ഞു. ഉറക്കം വളരെ പ്രധാനമാണ്. സൗജന്യമായി ലഭിക്കുന്ന ഒരു സൂപ്പർ പവറാണ് ഉറക്കം. ആവശ്യത്തിന് സൂര്യപ്രകാശവും ശുദ്ധവായുവും ലഭിക്കാനായി പുറത്തുപോകണം. ആവശ്യമായി വന്നാൽ സഹായം തേടണമെന്നും ദീപീക പറഞ്ഞു. മനസ്സിന് വിശ്രമം നൽകാൻ ഇടയ്ക്ക് ഒരു ചെറിയ ഇടവേള എടുക്കൂക. മാനസിക സമ്മർദ്ദമുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. നമ്മൾ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും ദീപീക പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com