
ഗവർണർ സി.വി ആനന്ദ ബോസിനെതിരെ അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൽക്കട്ട ഹൈക്കോടതി വിലക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സ്വാതന്ത്ര്യം അനിയന്ത്രിതമായ അവകാശമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. 2024 ഓഗസ്റ്റ് 14 വരെ പ്രസിദ്ധീകരണത്തിലൂടെയോ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഗവർണർക്കെതിരെ അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു.
ഓഗസ്റ്റ് 14 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. വ്യക്തിയുടെ സത്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ എന്തും പറയുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ ഉയർന്ന ബെഞ്ചിനെ സമീപിക്കുമെന്ന് മമതയുടെ അഭിഭാഷകൻ പ്രതികരിച്ചു.
രാജ്ഭവൻ സന്ദർശിക്കാൻ സ്ത്രീകൾക്ക് ഭയമാണെന്ന മമത ബാനർജിയുടെ പരാമർശത്തിനെതിരെയാണ് ബംഗാൾ ഗവർണർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പാർട്ടി എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയായിരുന്നു പ്രതികരണം.
രാജ്ഭവനിലേക്ക് പോയി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം സ്വീകരിക്കില്ലെന്ന എംഎൽഎമാരുടെ തീരുമാനത്തെ മമക ബാനർജി പിന്തുണച്ചിരുന്നു. നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ സയന്തിക ബാനർജിയും റിയാത്ത് ഹൊസൈൻ സർക്കാരും ഗവർണർക്ക് കത്തയച്ചിരുന്നു.