
ഇടുക്കി കമ്പംമേട്ട്-വണ്ണപ്പുറം പാതയുടെ വിവാദ നിർമാണത്തിൽ പ്രതിഷേധിച്ചതിന് വിചിത്ര നടപടിയുമായി പൊലീസ്. എതിർപ്പുമായി എത്തിയ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്.
ഇടുക്കിയിലെ കമ്പംമേട്ട്- വണ്ണപ്പുറം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടു ദിവസം മുമ്പ് വൈകിട്ട് കനത്ത മഴപെയ്യുന്നതിനിടെ വെള്ളക്കെട്ടിൽ ടാറിങ് നിർമാണം നടത്തിയെന്നാണ് പരാതി. അടുത്തദിവസം റോഡ് പൊളിഞ്ഞു ടാർ ഇളകിയ നിലയിലെ കാഴ്ച നാട്ടുകാരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ റോഡിലെ ടാറിങ് ഇളക്കിയുള്ള പ്രതിഷേധത്തിൽ നാട്ടുകാർക്കെതിരെ ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നിര്‍മാണ കമ്പനി പ്രോജക്ട് മാനേജരുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. തകരാര്‍ പരിഹരിക്കുന്നതിനു പകരം സംഘം ചേര്‍ന്ന് റോഡ് പൊളിച്ചതായാണ് പരാതി.
Also Read: ടാറ്റൂ ചെയ്യുന്നവരുടെ ശ്രദ്ധക്ക്! തെരുവിലെ സൂചികളില്‍ രോഗം പതിയിരിപ്പുണ്ട്
വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പൊതുമരാമത്ത് വകുപ്പോ ,കിഫ്ബിയൊ നടപടി സ്വീകരിക്കേണ്ടതിനു പകരം നാട്ടുകാര്‍ പൊളിച്ചുമാറ്റുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ടാറിങ് ജോലികള്‍ നടക്കുമ്പോള്‍ 24 മണിക്കൂറാണ് ടാര്‍ ഉറയ്ക്കാൻ എടുക്കുന്ന സമയം. എന്നാല്‍ ഹൈറേഞ്ചിലെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥയും മൂലം ഇത് 73 മണിക്കൂര്‍ വരെ സമയമെടുക്കാനും സാധ്യതയുള്ളതായി അധികൃതർ പറയുന്നു . നിർമാണത്തിൽ തുടരുന്ന റോഡിന് കേടുപാട് വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.