ഡൽഹിയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും; 200ഓളം വിമാനങ്ങൾ വൈകി, 24ഓളം ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിടുന്ന കണക്കനുസരിച്ച് ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 16 ഡിഗ്രി സെലിഷ്യസാണ്
ഡൽഹിയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും; 200ഓളം വിമാനങ്ങൾ വൈകി, 24ഓളം ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു
Published on


ഉത്തരേന്ത്യയെ പൊതിഞ്ഞ് കനത്ത മൂടൽ മഞ്ഞ്. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞത് ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചിരിക്കുകയാണ്. ഡൽഹിയിലെ താപനില ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം വായുമലിനീകരണവും മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ, ദൃശ്യപരത പൂജ്യത്തിലെത്തിയതോടെ 200ഓളം വിമാനങ്ങൾ വൈകിയിരിക്കുകയാണ്.


കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിടുന്ന കണക്കനുസരിച്ച് ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 16 ഡിഗ്രി സെലിഷ്യസാണ്. ജനുവരി 8 വരെ ഡൽഹിയിൽ മൂടൽമഞ്ഞ് തുടരും. ഈ മാസം ആറിന് ചെറിയ തോതിൽ മഴ പെയ്യാനും സാധ്യതയുണ്ട്.  അതിശൈത്യത്തെ തുടർന്ന് നോയിഡയിൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. പലയിടത്തും 340 മുകളിലാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. തണുപ്പ് കടുത്തതോടെ ഹൃദയസംബന്ധമായ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന്  ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. 

വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ 0 മീറ്റർ ദൃശ്യപരതയാണ് രേഖപ്പെടുത്തിയത്. ന്യൂഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിൽ 50 മീറ്ററും ദൃശ്യപരതയും രേഖപ്പെടുത്തി. രണ്ട് വിമാനത്താവളങ്ങളും നിലവിൽ വിമാന സഞ്ചാരത്തിനായി ഉപയോഗിക്കുന്നില്ല. മോശം കാലാവസ്ഥ അമൃത്‌സറിലേക്കും ഗുവാഹത്തിയിലേക്കും വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളെയും ബാധിച്ചതായി വിമാനകമ്പനിയായ സ്പൈസ്ജെറ്റ് പറഞ്ഞു. ഡൽഹി, അമൃത്‌സർ, ലഖ്‌നൗ, ബെംഗളൂരു, ഗുവാഹത്തി റൂട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇൻഡിഗോ കമ്പനി ട്രാവൽ അഡ്വൈസറി പുറത്തിറക്കി.

യാത്ര ആസൂത്രണം ചെയ്യുമ്പോൾ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾ യാത്രക്കാരോട് അഭ്യർഥിച്ചു. അതേസമയം ദൃശ്യപരത മോശമായി തുടരുകയാണെങ്കിൽ വിമാനങ്ങൾ റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പും കമ്പനികൾ നൽകുന്നുണ്ട്. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 24 ട്രെയിനുകളും മൂടൽമഞ്ഞിനെ തുടർന്ന് വൈകിയിരിക്കുകയാണ്.

അതേസമയം ഡൽഹിയിലെ വായുമലിനീകരണം ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച 236 ഉം ബുധനാഴ്ച 239 ഉം ആയിരുന്നു വായുഗുണനിലവാര സൂചിക എങ്കിൽ നിലവിൽ അത് 283 ആയി വർധിച്ചു. കനത്ത തണുപ്പും കനത്ത മൂടൽമഞ്ഞും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

പോയ വർഷം പതിനേഴിലധികം ദിവസം തലസ്ഥാന നഗരിയിലെ വായുഗുണനിലവാര സൂചിക 400 ൽ തന്നെ മാറ്റമില്ലാതെ തുടർന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തിൽ ഒരു ദിവസം പോലും ഡൽഹിയുടെ വായുഗുണനിലവാരം സ്വാഭാവിക നിലയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. പുതുവർഷത്തിലും ആശ്വാസകരമായ സ്ഥിതിയല്ലെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com