കെജ്‌രിവാള്‍, അതിഷി, മോദി പിന്നെ കുറേ ആരോപണങ്ങളും; വാക്കിലൊതുങ്ങാത്തത് പോസ്റ്ററിലാക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ്

പരസ്പരം പരിഹസിക്കുന്നു എന്നത് ഒഴിച്ചാൽ ഈ പോസ്റ്ററുകൾ ഡൽഹിയിലെ ജനങ്ങളോട് നേരിട്ട് ഒന്നും സംസാരിക്കുന്നില്ല എന്നതാണ് വസ്തുത
കെജ്‌രിവാള്‍, അതിഷി, മോദി പിന്നെ കുറേ ആരോപണങ്ങളും; വാക്കിലൊതുങ്ങാത്തത് പോസ്റ്ററിലാക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ്
Published on

തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായ ഡൽഹിയിൽ രാഷ്ട്രീയ വാക്പോരിനൊപ്പം സമൂഹ മാധ്യമങ്ങൾ വഴിയുള്ള പോസ്റ്റർ പ്രചരണവും സജീവമാക്കുകയാണ് ബിജെപിയും ആം ആദ്മി പാർട്ടിയും. സിനിമാ പോസ്റ്ററുകളിലെ നായക-പ്രതിനായക വേഷങ്ങൾ ഉപയോഗിച്ചാണ് ഇരുപക്ഷത്തേയും നേതാക്കളുടെ പോസ്റ്ററുകൾ. ബിജെപി ഒരു പോസ്റ്ററിട്ടാൽ, മറുപടിയായി ആതേ നാണയത്തിൽ ആം ആദ്മിയുടെ വക ഒരു പോസ്റ്റർ എന്ന രീതിയിലാണ് ഡൽഹിയിൽ വോട്ടിനായുള്ള പോരാട്ടം നടക്കുന്നത്. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെയും, വെബ് സീരിസുകളുടെയും പോസ്റ്ററുകളും ട്രെയിലറുകളുമൊക്കെയായി ബിജെപിയും എഎപിയും സൈബർ ഹാൻഡിലുകൾ കളം നിറഞ്ഞിരിക്കുകയാണ്. ഒരൊറ്റ വ്യത്യാസം മാത്രം, നായകരും പ്രതിനായകരുമെല്ലാം രാഷ്ട്രീയ നേതാക്കൾ തന്നെ. എന്നാൽ, പരസ്പരം പരിഹസിക്കുന്നു എന്നത് ഒഴിച്ചാൽ ഈ പോസ്റ്ററുകൾ ഡൽഹിയിലെ ജനങ്ങളോട് നേരിട്ട് ഒന്നും സംസാരിക്കുന്നില്ല എന്നതാണ് വസ്തുത.


പുഷ്പ സിനിമാ പോസ്റ്ററിൽ കെജ്‌രിവാളിനെ നായകനാക്കിയാണ് ഇലക്ഷനിൽ സൈബർ യുദ്ധത്തിന്റെ സീസൺ ആരംഭിച്ചത്. സിനിമയിലെ ഹിറ്റ് ഡയലോഗിനെ അടിസ്ഥാനമാക്കി 'കെജ്‌രിവാൾ താഴത്തില്ല' എന്നായിരുന്നു പോസ്റ്റർ വാചകം. ഒപ്പം പാർട്ടി ചിഹ്നമായ ചൂലും തോളിൽ വെച്ചുള്ള കെ‌ജ്‌രിവാൾ. ഇതിന് മറുപടിയായി ബിജെപിയുടെ പുഷ്പ പോസ്റ്ററെത്തി. ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയെ സിംഹാസനത്തിലിരുത്തിയുള്ള ഡിസൈൻ. അഴിമതിക്കാരെ അവസാനിപ്പിക്കും എന്നായിരുന്നു പോസ്റ്റർ വാചകങ്ങൾ.



ആം ആദ്മി ഹാൻഡിലിൽ GOAT ആയി കെജ്‌രിവാളിനെ അവതരിപ്പിച്ചപ്പോൾ, സ്കാം 2024 പോസ്റ്ററായാണ് ബിജെപി പേജിൽ കെജ്‌രിവാള്‍ പ്രത്യക്ഷപ്പെട്ടത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ 'അവഞ്ചേഴ്സ് അസംബ്ൾ' എന്ന ടാഗ് ലൈനോടെ ഹോളിവുഡ് ചിത്രം അവഞ്ചേഴ്സിൻ്റെ ട്രെയിലർ സ്പൂഫും എഎപിയുടെ പേജിൽ ഹിറ്റായി.


Also Read: ഡൽഹിയിലെ വായു നിലവാരത്തിൽ നേരിയ പുരോഗതി; കനത്ത മൂടൽമഞ്ഞ് തുടരുന്നു, മഴയ്ക്ക് സാധ്യത


ഡൽഹിയിൽ സാധാരണക്കാരനെപ്പോലെ അഭിനയിച്ച് ശീഷ്മഹൽ പണിതുയർത്തിയെന്ന ബിജെപിയുടെ ആരോപണത്തിനുമുണ്ട് എഎപിക്ക് മറുപടി. 2,700 കോടി രൂപ വിലമതിക്കുന്ന കൊട്ടാരത്തിൽ ഇരിക്കുന്ന രാജാവിന് ഇത്തരം കാര്യങ്ങൾ ചേരില്ല! ആം ആദ്മി മോദിയെ പരിഹസിച്ചുകൊണ്ട് പോസ്റ്റർ ഇറക്കി.

ബിജെപിയുടെ പേജിൽ ആപ് ഫ്ലിക്സിൻ്റെ മൊഹല്ലാ ക്ലിനിക്ക് സ്കാം എന്ന പോസ്റ്ററിൽ കെജ്‌രിവാൾ വില്ലനാകുമ്പോൾ, മറുവശത്ത് ലാപ്താ ദുൽഹയായാണ് അമിത് ഷായെ അവതരിപ്പിച്ചിരിക്കുന്നത്. വരനെ കണ്ടെത്തുന്നവർക്ക് മോദി 15 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന അടിക്കുറിപ്പും.



ഏറ്റവും ഒടുവിൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ രമേഷ് ബിധുരിക്കും കിട്ടി പണി. അങ്ങനെ ബിജെപിക്ക് പുതിയൊരു പേരുമായി ഗാലി ഗലോച് പാർട്ടി. നിങ്ങൾക്ക് മുഖ്യമന്ത്രിയാകാൻ വേണ്ടത് വിദ്യാസമ്പന്നനായ ഐഐടിക്കാരനായ അരവിന്ദ് കെജ്‌രിവാളിനെയാണോ അതോ അധിക്ഷേപകനായ രമേശ് ബിധൂരിയെയാണോ? എന്നായിരുന്നു ആം ആദ്മിയുടെ ചോദ്യം.

ബാഹുബലിയിലെ കാലകേയനായി ബിധുരി പോസ്റ്ററിൽ നിറയുമ്പോൾ, മറുവശത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഗുണ്ടകളായാണ് എഎപി നേതാക്കളെ അവതരിപ്പിക്കുന്നത്.

ബിജെപി- എഎപി ഏറ്റുമുട്ടലിനിടെ ഇതെല്ലാം കരയ്ക്കിരുന്ന് കാണുകയാണ് കോൺഗ്രസ്. ഈ കളിയിൽ നമ്മളില്ല എന്ന ലൈനിൽ! ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് . വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. ഡല്‍ഹിയിൽ ആകെ 70 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 70ല്‍ 12 എണ്ണം സംവരണ മണ്ഡലങ്ങളാണ്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം ജനുവരി 17 ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com