ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; എട്ടിന് വോട്ടെണ്ണൽ

നിലവിലെ കക്ഷി നില അനുസരിച്ച് 58 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും ഏഴ് സീറ്റുകളില്‍ ബിജെപിയുമാണ്
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്;  എട്ടിന് വോട്ടെണ്ണൽ
Published on

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. ഡല്‍ഹി ആകെ 70 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 70ല്‍  12 എണ്ണം സംവരണ മണ്ഡലങ്ങളാണ്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം ജനുവരി 17 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ജനുവരി 20. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്.


ഡൽഹിയിൽ ആകെ 1.55 കോടി വോട്ടർമാരാണുള്ളത്. ഇതില്‍ 2.08 ലക്ഷം പേർ കന്നി വോട്ടർമാരാണ്. 1.09 ലക്ഷം വോട്ടർമാർക്കാണ് 85ന് മുകളിൽ പ്രായം. വോട്ടിങ്ങിനായി 13,033 പോളിങ് കേന്ദ്രങ്ങൾ ഒരുക്കും. പോളിങ് ദിനത്തിന് മുമ്പ് വോട്ടർമാർ അവരുടെ പേരുകളുണ്ടോ എന്ന് ഓൺലൈനിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു .

നിലവിലെ കക്ഷി നില അനുസരിച്ച് 58 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും ഏഴ് സീറ്റുകളില്‍ ബിജെപിയുമാണ്. അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കോൺഗ്രസിന് ഡല്‍ഹിയിൽ എംഎൽഎമാരില്ല. 2013 മുതൽ ആം ആദ്മിയാണ് രാജ്യ തലസ്ഥാനം ഭരിക്കുന്നത്. 

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) കൃത്രിമം നടത്തിയെന്ന ആരോപണം ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) തള്ളി. ഇവിഎമ്മുകൾ ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ ആവർത്തിച്ച് വിജയിച്ചിട്ടുണ്ട്. 42 വ്യത്യസ്ത അവസരങ്ങളിൽ രാജ്യത്തെ പരമോന്നത കോടതിയുടെ വിശ്വാസം ഇവിഎം നേടിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.

ഇവിഎമ്മുകൾ കൃത്രിമത്വവും ഹാക്കിംഗും അസാധ്യമാണെന്നും രാജീവ് കുമാർ പറഞ്ഞു. കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനുമാണ് ഇസിഐ എപ്പോഴും മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

"ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ സാധിക്കില്ല. കൃത്രിമത്വം നടന്നു എന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും പൊളിച്ചെഴുതുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതികവിദ്യ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തത്വങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത്. 42 വ്യത്യസ്‌ത അവസരങ്ങളിൽ, ജുഡീഷ്യറി ഇവിഎമ്മുകളിലുള്ള വിശ്വാസം ആവർത്തിച്ചു പറഞ്ഞു. ഈ യന്ത്രങ്ങൾ വർഷങ്ങളുടെ സാങ്കേതിക പരിണാമത്തെ പ്രതിനിധീകരിക്കുന്നു, ഇത് ദേശീയ അഭിമാനത്തിൻ്റെ പ്രശ്‌നമാണ്.", രാജീവ് കുമാർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com