
ഡൽഹി ബർഗർ കിംഗ് കൊലപാതക കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ട് പ്രതികൾ അടക്കം മൂന്ന് പേരാണ് സോനിപത്തിൽ കൊല്ലപ്പെട്ടത്.
ഹരിയാനയിലെ സോനിപത്ത് ജില്ലയിൽ വെള്ളിയാഴ്ച് രാത്രി പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടത്. ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സും ഡൽഹി ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ. ആശിഷ്, സണ്ണി ഖരാർ, വിക്കി റിധാന എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച മൂന്ന് പേരും ഹിമാൻഷു ഭാവ് എന്ന ഗുണ്ടാ സംഘത്തിൽ പെട്ടവരാണ്. ഇതിൽ മരിച്ച ആശിഷും, വിക്കിയും ജൂൺ 18ന് ഡൽഹി രജൗരിയിലെ ബർഗർ കിംഗിലുണ്ടായ വെടിവെപ്പിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്നതിന് പിന്നാലെ വെടിവെപ്പിൻ്റെ ഉത്തരവാദിത്തം ഹിമാൻഷു ഭാവ് ഏറ്റെടുത്തിരുന്നു. ആശിഷ് 18 കേസുകളിലും, സണ്ണി ഖരർ അഞ്ച് കേസുകളിലും പ്രതികളാണ്. മദ്യ വ്യവസായി സുന്ദർ മല്ലിക്കിൻ്റെ കൊലപാതക കേസിൽ ഉൾപ്പെട്ടവരാണ് വിക്കിയും ആശിഷും.