ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ്; വനിതാ പ്രീമിയർ ലീഗ് കലാശപ്പോരില്‍ സജ്നയും മിന്നുവും നേര്‍ക്കുനേര്‍

വയനാട്ടിൽ നിന്നുള്ള മിന്നു മണി ഡൽഹിക്ക് വേണ്ടിയും, സജന സജീവൻ മുംബൈയ്ക്കും വേണ്ടിയാണ് കലാശ പോരാട്ടത്തിലിറങ്ങുന്നത്
ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ്; വനിതാ പ്രീമിയർ ലീഗ് കലാശപ്പോരില്‍ സജ്നയും മിന്നുവും നേര്‍ക്കുനേര്‍
Published on

വനിതാ പ്രീമിയർ ലീഗിൽ കന്നി കീരീടം തേടി ഡൽഹി ക്യാപിറ്റൽസ് ഇന്നിറങ്ങും. മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസാണ് എതിരാളികൾ. ഇത് രണ്ടാം തവണയാണ് ഇരുടീമുകളും ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫൈനലിൽ മലയാളി താരങ്ങളും ഏറ്റുമുട്ടുന്നു എന്നതും ശ്രദ്ധേയമാണ്.


2023 ൽ മുംബൈയിലെ വീണ കണ്ണീരിന് പകരം ചോദിക്കാനാണ് ഡൽഹി ഇറങ്ങുന്നത്. തുടർച്ചയായ മൂന്നാം തവണയും ഫൈനലിൽ എത്തിയ ഡൽഹി കീരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 7 വിശ്വ കിരീടങ്ങൾ ചൂടിയ ഡൽഹി ക്യാപ്റ്റൻ മെഗ് ലാന്നിങ് രണ്ട് തവണ കൈവിട്ട കിരീടം സ്വന്തമാക്കാനാണ് ഇത്തവണ ഇറങ്ങുന്നത്.


മറുവശത്ത് ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ എത്തുന്നത് കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തം കാണികൾക്ക് മുൻപിൽ വീണ്ടും ഉയർത്താനാണ്. സീസണിൽ മികച്ച ഫോമിലുള്ള ക്യാപ്റ്റൻ മെഗ് ലാന്നിങ്ങിലും, ഷെഫാലി വെർമയിലുമാണ് ഡൽഹിയുടെ പ്രതീക്ഷ. ബൗളിങ്ങിൽ ജെസ്സ് ജോനസ്സനും,ശിഖ പാണ്ഡേയുടെയും സ്ഥിരത ഡൽഹിക്ക് കരുത്താണ്. ലീഗിൽ ഉടനീളം ബാറ്റിങ്ങിൽ വിസ്മയം തീർക്കുന്ന നാറ്റ് സിവർ ബ്രണ്ടിലും, ഓൾറൗണ്ടിൽ മാത്യു ഹെയ്‌ലിയുടെയും,ബൗളിങ്ങിൽ അമേലിയ കേറിന്റെയും മികവിലാണ് മുംബൈ ഫൈനലിലെത്തിയത്.


ഫൈനലിൽ രണ്ട് മലയാളി താരങ്ങൾ നേർക്കുനേർ എത്തുന്നത് കേരള ക്രിക്കറ്റ് ആരാധകർക്കും ആവേശം പകരുന്നുണ്ട്. വയനാട്ടിൽ നിന്നുള്ള മിന്നു മണി ഡൽഹിക്ക് വേണ്ടിയും, സജന സജീവൻ മുംബൈയ്ക്കും വേണ്ടിയാണ് കലാശ പോരാട്ടത്തിലിറങ്ങുന്നത്. ഇതുവരെ 7 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഡൽഹി നാല് തവണയും, മുംബൈ മൂന്ന് തവണയും ജയിച്ചു. ഈ സീസണിലാവട്ടെ രണ്ട് വട്ടവും ജയം ഡൽഹിക്കൊപ്പമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com