
വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ എതിരാളികൾ മുംബൈ ഇന്ത്യൻസ്. വ്യാഴാഴ്ച നടന്ന നിർണായക എലിമിനേറ്റർ പോരാട്ടത്തിൽ കരുത്തരായ ഗുജറാത്ത് ജയൻ്റ്സിനെ 47 റൺസിന് തകർത്താണ് മുംബൈ ഇന്ത്യൻസ് കലാശപ്പോരിന് യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ വനിതകൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടിയായി 19.2 ഓവറിൽ 166 റൺസിൽ ഗുജറാത്തിൻ്റെ പോരാട്ടം അവസാനിച്ചു.
മുംബൈക്കായി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹെയ്‌ലി മാത്യൂസാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈ നിരയിൽ ഹെയ്‌ലിയും നാറ്റ് ഷിവർ ബ്രണ്ടും 77 റൺസ് വീതമെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 36 റൺസും നേടി. ഹെയ്‌ലി ടീമിനായി മൂന്ന് വിക്കറ്റും വീഴ്ത്തി.
ഗുജറാത്തിനായി ഡാനിയേല ഗിബ്സൺ 34 റൺസും രണ്ട് വിക്കറ്റുമെടുത്ത് തിളങ്ങി. ലിച്ച്ഫീൽഡ് (31), ഭാർതി ഫുൾമാലി (30) എന്നിവരും തിളങ്ങി. മുംബൈ 213-4, ഗുജറാത്ത് 166-10 (19.2).