"ബിജെപി വേണമെങ്കില്‍ ബംഗ്ലാവ് എടുത്തോട്ടെ, ഞങ്ങള്‍ ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണ്"

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് നിരവധി കാർട്ടണുകളും ലഗേജുകളും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു
"ബിജെപി വേണമെങ്കില്‍ ബംഗ്ലാവ് എടുത്തോട്ടെ, ഞങ്ങള്‍ ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണ്"
Published on

ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചുവെന്ന ആരോപണത്തിനു പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നായിരുന്നു അതിഷിയുടെ ആരോപണം. ബിജെപിക്ക് വേണമെങ്കില്‍ ബംഗ്ലാവിൽ കഴിയാമെന്നും ആം ആദ്മി ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും അതിഷി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് നിരവധി കാർട്ടണുകളും ലഗേജുകളും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയും ഇറക്കി. ഔദ്യോഗിക വസതി ബിജെപി പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.

ആം ആദ്മി നേതൃത്വം കൊടുക്കുന്ന ഡല്‍ഹി സർക്കാരിന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനായി ബിജെപി 'ഓപ്പറേഷന്‍ താമര' അടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നും അതിഷി ആരോപിച്ചു. എതിർ പാർട്ടികളിലെ എംഎല്‍എമാരെ കൈക്കൂലികൊടുത്ത് ബിജെപി പാളയത്തിലേക്കെത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കൊണ്ടുവന്ന പദമാണ് 'ഓപ്പറേഷന്‍ താമര'.

Also Read: കര്‍ണാടകയില്‍ ബിജെപി സർക്കാരിന്‍റെ കാലത്ത് കോടികളുടെ 'കോവിഡ് അഴിമതി'; അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് സിദ്ധരാമയ്യ

"ഭീമന്‍ കാറുകളില്‍ സഞ്ചരിക്കാനോ വലിയ ബംഗ്ലാവുകളില്‍ താമസിക്കാനോ അല്ല ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. വേണ്ടി വന്നാല്‍ റോഡിലിരുന്നും ഞങ്ങള്‍ സർക്കാരിനെ നയിക്കും", അതിഷി പറഞ്ഞു.

മുഖ്യമന്ത്രിക്കുള്ള ബംഗ്ലാവ് അനുവദിക്കുന്നതിനു മുന്‍പ് തന്നെ അതിഷി സാധന സാമഗ്രികള്‍ അവിടെ കൊണ്ടുവെച്ചുവെന്നും പിന്നീട് ഇവയൊക്കെ സ്വയം എടുത്തുകൊണ്ടു പോകുകയായിരുന്നു എന്നുമാണ് ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മധുര റോഡിലെ 17 എബിയാണ് നിലവില്‍ അതിഷിക്ക് അനുവദിച്ചിരിക്കുന്ന താമസ സ്ഥലമെന്നും വ്യത്തങ്ങള്‍ പറയുന്നു. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞപ്പോള്‍ മുഴുവന്‍ സാധനങ്ങളും കൊണ്ടുപോയില്ലെന്ന ആരോപണവുമായി ബിജെപിയും രംഗത്തുണ്ട്.

2024 സെപ്റ്റംബർ 21നാണ് അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ആം ആദ്മി പാർട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചതിന് പിന്നാലെയാണ് അതിഷി സ്ഥാനം ഏറ്റെടുത്തത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കെജ്‌രവാള്‍ രാജി പ്രഖ്യാപിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com