
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചതിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. ആക്രമണത്തിന് കാരണക്കാരായ ബിജെപിക്കാർ കൊടും ക്രിമിനലുകളാണെന്ന് മുഖ്യമന്ത്രി അതിഷി മർലേന പറഞ്ഞു. ഷാങ്കി,രാഹുൽ എന്നീ ബിജെപി പ്രവർത്തകരാണ് കെജ്‌രിവാളിനെ അക്രമിച്ചത് ഇവരുടെ പേരിൽ വധശ്രമം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്നും അതിഷി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണമുണ്ടായത്. ബിജെപി സ്ഥാനാർഥി പർവേഷ് വർമയുടെ അനുയായികളാണ് കല്ലേറിനു പിന്നിലെന്ന് എഎപി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് റാലിക്കിടെ ചിത്രീകരിച്ച വീഡിയോയിൽ കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി വീശുന്നതും, കല്ലെറിയുന്നതുമായ ദൃശ്യങ്ങളും ഉണ്ട്.
"ബിജെപി സ്ഥാനാർഥി പർവേഷ് വർമയുടെ ഗുണ്ടകൾ അരവിന്ദ് കെജ്‌രിവാൾ പ്രചരണം നടത്തുന്നതിനിടെ കല്ലെറിഞ്ഞ് ആക്രമിക്കുകയും അദ്ദേഹത്തിന് പ്രചരണം നടത്താൻ കഴിയാത്തവിധം പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ബിജെപിക്കാരെ, നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് കെജ്‌രിവാളിനെ ഭയപ്പെടുത്താൻ സാധിക്കില്ല. ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് ഉചിതമായ മറുപടി നൽകും" എന്നായിരുന്നു ആക്രമണത്തിന് പിന്നാലെ എഎപി എക്‌സിൽ കുറിച്ചത്.