ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; കെജ്‌രിവാളിൻ്റെ മൊഴിയെടുക്കാനെത്തിയ ഡൽഹി പൊലീസ് സംഘത്തെ ഗേറ്റിൽ തടഞ്ഞ് അഭിഭാഷകർ

ഡൽഹിയിലെ ബിജെപി ജനറൽ സെക്രട്ടറിയായ വിഷ്ണു മിത്തൽ നേരത്തെ ലഫ്റ്റനൻ്റ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഗവർണർ ഇന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; കെജ്‌രിവാളിൻ്റെ മൊഴിയെടുക്കാനെത്തിയ ഡൽഹി പൊലീസ് സംഘത്തെ ഗേറ്റിൽ തടഞ്ഞ് അഭിഭാഷകർ
Published on


പാർട്ടി വിടാൻ ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്ക് 15 കോടി രൂപ വീതം ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തെന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മൊഴിയെടുക്കാൻ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയ ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തെ തടഞ്ഞു. കെജ്‌രിവാളിൻ്റെ വസതിയിലെത്തിയ ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തെ കെജ്‌രിവാളിൻ്റെ പത്തംഗ അഭിഭാഷക സംഘമാണ് ഗേറ്റിൽ വെച്ച് തടഞ്ഞത്. മൊഴി രേഖപ്പെടുത്താൻ ഒരുക്കമല്ലെന്ന് അരവിന്ദ് കെജ്‌രിവാളും നിലപാടെടുത്തു.



ആദ്യം പരാതി വാങ്ങാൻ എത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. പിന്നീട് മൊഴിയെടുക്കാൻ എന്നാണ് അറിയിച്ചത്. ഇവരുടെ കൈവശം നോട്ടീസ് ഉണ്ടായിരുന്നില്ലെന്നും അതിനാൽ കടത്തി വിടില്ലെന്നുമാണ് അഭിഭാഷകൻ നിലപാടെടുത്തത്. ഇതോടെ പൊലീസുകാർ നോട്ടീസുമായി അകത്തേക്ക് വരാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, കെജ്‌രിവാളിൻ്റെ ആരോപണം സംബന്ധിച്ച പരാതി പൊലീസിന് മെയിലിൽ അയച്ചിട്ടുണ്ടെന്നാണ് അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചത്. ഇതുപോലും അറിയാതെയാണ് പൊലീസ് സംഘം വീട്ടുപടിക്കൽ എത്തിയതെന്നും അഭിഭാഷകൻ പൊലീസിനെ വിമർശിച്ചു. ഏകദേശം ഒരു മണിക്കൂറോളം സമയം ഗേറ്റിനരികിൽ കാത്തുനിന്ന ശേഷം പൊലീസ് സംഘം മടങ്ങി. 



16 ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ കൂറുമാറ്റാനായി ബിജെപി സമീപിച്ചെന്നും 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നും കെജ്‌രിവാൾ വ്യാഴാഴ്ച ആരോപണം ഉന്നയിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങും ഈ ആരോപണങ്ങൾ ആവർത്തിച്ചിരുന്നു. നാളെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവരാനിരിക്കെ കടുത്ത ജാഗ്രതയിലാണ് ആം ആദ്മി പാർട്ടി നേതൃത്വം.

ഡൽഹിയിലെ ബിജെപി ജനറൽ സെക്രട്ടറിയായ വിഷ്ണു മിത്തൽ നേരത്തെ ലഫ്റ്റനൻ്റ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഗവർണർ ഇന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ശേഷിക്കെ ആംആദ്മി സ്ഥാനാർഥികളുടെ അടിയന്തര യോഗം വിളിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ഇന്ന് വിളിച്ചിരുന്നു. എഎപി സ്ഥാനാർഥികളെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെന്ന ആരോപണത്തിനിടെ കെ‌ജ്‌രിവാൾ വിളിച്ച യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഡൽഹിയിൽ ആര് ഭരണം പിടിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനിടെ പ്രചാരണത്തിലുടനീളം നടത്തിയ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുകയാണ് എഎപിയും ബിജെപിയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com