ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഒറ്റഘട്ടമായെന്ന് സൂചന

ഫെബ്രുവരി രണ്ടാം വാരത്തിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഒറ്റഘട്ടമായെന്ന് സൂചന
Published on

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാകും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം. 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഒറ്റഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി രണ്ടാം വാരത്തിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.



ഏഴാമത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കാനിരിക്കുകയാണ്. മൂന്നാം തവണയും അധികാരം നിലനിർത്താനുള്ള ശ്രമങ്ങളിലാണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി. അതേസമയം, പ്രതിപക്ഷത്തുള്ള ബിജെപിയും കോൺഗ്രസും ഡൽഹിയിൽ അധികാരം നിലനിർത്താനുള്ള ശ്രമങ്ങളിലാണ്.

മുഖ്യമന്ത്രി പദം രാജിവെച്ചൊഴിഞ്ഞ പാർട്ടിയുടെ ദേശീയാധ്യക്ഷനായ അരവിന്ദ് കെജ്‌രിവാൾ തന്നെയാണ് ആം ആദ്മിയുടെ സ്റ്റാർ ക്യാംപെയ്നർ. ജനങ്ങളുടെ കോടതിയിൽ കുറ്റവിമുക്തനായാൽ മാത്രമെ വീണ്ടും ഭരണതലപ്പത്ത് തിരിച്ചെത്തൂവെന്നാണ് കെജ്‌രിവാളിൻ്റെ നിലപാട്. ഇതേ നിലപാട് തന്നെയാണ് മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയക്കുമുള്ളത്.



ഇക്കഴിഞ്ഞ സർക്കാരിൻ്റെ ടേമിലാണ് കെജ്‌രിവാൾ, സിസോദിയ, എഎപി എംപി സഞ്ജയ് സിങ്, ഡൽഹി മുൻമന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരെ അഴിമതിക്കേസുകളിൽ പെടുത്തി കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തത്. ഇതിനെ പ്രതികാര രാഷ്ട്രീയം എന്ന് വിളിച്ചാണ് ആം ആദ്മി പ്രതിരോധിച്ചത്. ബിജെപി അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചരണ രംഗത്ത് ആം ആദ്മി വോട്ട് ചോദിക്കുന്നത്. വയോധികർക്ക് സൗജന്യ ചികിത്സ, സ്ത്രീകൾക്ക് 2100 രൂപ ധനസഹായം ഉൾപ്പെടെയുള്ള വമ്പൻ വാഗ്ദാനങ്ങളും അവർ മുന്നോട്ടുവെക്കുന്നുണ്ട്. അതേസമയം, അഴിമതി സർക്കാരാണ് ഡൽഹി ഭരിക്കുന്നതെന്നും തലസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ താളം തെറ്റിക്കുകയാണ് ആം ആദ്മി ചെയ്യുന്നതെന്നും ബിജെപി വിമർശിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പുനർനിർമിക്കുന്നതിനായി വൻതോതിൽ അഴിമതി നടത്തിയെന്നും ബിജെപി ആരോപിച്ചു. അതേസമയം, ബിജെപി സർക്കാരും പ്രധാനമന്ത്രിയും ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവർക്ക് മറുപടി നൽകുമെന്നും കെജ്‌രിവാൾ തിരിച്ചടിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com