
ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ്. ആഴ്ചയിൽ രണ്ടുതവണ ഇഡിയുടെയും സിബിഐയുടെയും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.
ജാമ്യത്തിലെ ചില വ്യവസ്ഥകള്‍ ആവശ്യമായി കാണുന്നില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10നും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നായിരുന്നു സിസോദിയയുടെ ജാമ്യ വ്യവസ്ഥയിൽ പറഞ്ഞിരുന്നത്.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളിൽ ഓഗസ്റ്റ് 9നാണ് കോടതി സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ ആരംഭിക്കുന്നതിലെ കാലതാമസവും വിചാരണയ്ക്ക് മുമ്പുള്ള ദീർഘകാല കസ്റ്റഡിയും കണക്കിലെടുത്തായിരുന്നു ജാമ്യം. ജാമ്യ വ്യവസ്ഥകൾ എന്ന നിലയിൽ, സമാനമായ തുകയുടെ രണ്ട് ആൾ ജാമ്യവും 10 ലക്ഷം രൂപയ്ക്ക് ജാമ്യ ബോണ്ടുകൾ നൽകാനും പാസ്‌പോർട്ട് സമർപ്പിക്കാനും കോടതി സിസോദിയയോട് ആവശ്യപ്പെട്ടിരുന്നു.